
സിയോൾ: ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ ആയുധങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷ മേഖലകളിലേക്ക് മാറ്റുന്നത് തടയാൻ തങ്ങൾക്ക് കഴിയില്ലെന്ന് പ്രസിഡൻ്റ് ലീ ജെ മ്യുങ്. ദക്ഷിണ കൊറിയയിലെ യുഎസ് പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ചൊവ്വാഴ്ച അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യയിലെ പ്രധാന സൈനിക ആസ്തികൾ മാറ്റുന്നത് ചൈനയെയും ഉത്തരകൊറിയയെയും പ്രതിരോധിക്കുന്നതിൽ വിള്ളലുകൾ ഉണ്ടാക്കുമോ എന്ന ആശങ്ക മേഖലയിൽ ശക്തമാണ്. ഇതേക്കുറിച്ച് ഒരു കാബിനറ്റ് യോഗത്തിൽ സംസാരിക്കവെയാണ് പ്രസിഡൻ്റ് നിലപാട് അറിയിച്ചത്.
“ദക്ഷിണ കൊറിയയിലെ യുഎസ് സേന ആർട്ടിലറി ബാറ്ററികളും വ്യോമ പ്രതിരോധ ആയുധങ്ങളും ഉൾപ്പെടെയുള്ളവ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് അടുത്തിടെ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. സിയോൾ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നമ്മൾ,” ലീ ജെ മ്യുങ് പറഞ്ഞു.
എങ്കിലും, ചില അമേരിക്കൻ ആയുധങ്ങൾ മാറ്റുന്നത് ഉത്തരകൊറിയക്കെതിരായ പ്രതിരോധ തന്ത്രത്തെ ബാധിക്കില്ലെന്നും ദക്ഷിണ കൊറിയയുടെ പ്രതിരോധ ചെലവും സൈനിക ശേഷിയും ഉത്തരകൊറിയയേക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
US weapons in Korea are being sent to the Middle East; President Lee Jae-myung expresses helplessness















