
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവകൾ ഇനിയും വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ മുന്നറിയിപ്പ്. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യ തയ്യാറാകാത്ത പക്ഷം കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്. റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് നിരക്കിൽ ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നത് തടയാനാണ് അമേരിക്ക ഈ നീക്കം നടത്തുന്നത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടികഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% വരെ തീരുവ വർദ്ധിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചുകൊണ്ട് ട്രംപ്, അദ്ദേഹം ഒരു “നല്ല ആളാണ്” എന്നും, യുഎസ് പ്രസിഡന്റ് സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും പറഞ്ഞു. “ഇന്ത്യ എന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു. മോദി വളരെ നല്ല ആളാണ്, ഞാൻ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. നമുക്ക് വളരെ വേഗത്തിൽ അവരുടെ മേൽ തീരുവ ഉയർത്താൻ കഴിയും,” ട്രംപ് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
#WATCH | On India’s Russian oil imports, US President Donald J Trump says, "… They wanted to make me happy, basically… PM Modi's a very good man. He's a good guy. He knew I was not happy. It was important to make me happy. They do trade, and we can raise tariffs on them very… pic.twitter.com/ANNdO36CZI
— ANI (@ANI) January 5, 2026
നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി എത്തിയത്. എണ്ണ ഇറക്കുമതിയിൽ ഇന്ത്യ സഹകരിച്ചില്ലെങ്കിൽ തീരുവകൾ ഇനിയും ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ”റഷ്യൻ എണ്ണ പ്രശ്‌നത്തിൽ അവർ സഹായിച്ചില്ലെങ്കിൽ നമുക്ക് ഇന്ത്യയുടെ മേലുള്ള താരിഫ് ഉയർത്താൻ കഴിയും,” പ്രസിഡന്റ് പറഞ്ഞു.
ടെക്സ്റ്റൈൽസ്, ജെംസ് ആൻഡ് ജ്വല്ലറി, സമുദ്രോൽപ്പന്നങ്ങൾ (സീഫുഡ്) തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകളെയാണ് ഈ തീരുവ വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇതിനോടകം തന്നെ അമേരിക്കയിലേക്കുള്ള സമുദ്രോൽപ്പന്ന കയറ്റുമതിയിൽ 25% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് ആവശ്യമാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇതിനിടെ, അമേരിക്കയുമായി ഇരുഭാഗത്തിനും ഗുണകരമായ വ്യാപാര കരാറിൽ എത്താനാണ് ഇന്ത്യ നിലവിൽ ശ്രമിക്കുന്നത്. 2026-ൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയായി ഈ വ്യാപാര തർക്കം തുടരുകയാണ്.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് “ഉറപ്പുനൽകി” എന്ന് ട്രംപ് അവകാശപ്പെട്ടതിന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമർശങ്ങൾ. “എണ്ണ ഉണ്ടാകില്ല. അദ്ദേഹം എണ്ണ വാങ്ങുന്നില്ല,” ട്രംപ് മുമ്പ് പറഞ്ഞതിങ്ങനെ. എന്നാൽ, ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ അത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്ന് പറഞ്ഞ് ഇന്ത്യ അദ്ദേഹത്തിന്റെ വാദം നിഷേധിച്ചിരുന്നു.
US will further increase tariffs on India; Trump’s warning on Russian oil imports










