
വാഷിംഗ്ടൺ: 2026-ലെ ലോകകപ്പ് മത്സരങ്ങൾക്കും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷിക ആഘോഷങ്ങൾക്കും നേരെ ഉണ്ടായേക്കാവുന്ന ഡ്രോൺ ഭീഷണികൾ നേരിടാൻ 115 മില്യൺ ഡോളർ (ഏകദേശം 960 കോടി രൂപ) കൂടി നിക്ഷേപിക്കുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഡ്രോൺ, കൗണ്ടർ-ഡ്രോൺ സാങ്കേതികവിദ്യകൾ വേഗത്തിൽ വാങ്ങുന്നതിനും വിന്യസിക്കുന്നതിനുമായി ഡിഎച്ച്എസ് ഒരു പുതിയ ഓഫീസ് രൂപീകരിച്ചു. ഈ ഓഫീസിനായിരിക്കും തുകയുടെ മേൽനോട്ട ചുമതല.
ലോകകപ്പ് കാണാൻ എത്തുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, മയക്കുമരുന്ന് മാഫിയകൾ നിരീക്ഷണത്തിനും മറ്റും ആധുനിക ഡ്രോണുകൾ ഉപയോഗിക്കുന്നത് തടയുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കഴിഞ്ഞ മാസം ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 11 സംസ്ഥാനങ്ങൾക്കായി 250 മില്യൺ ഡോളർ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ പ്രഖ്യാപിച്ച 115 മില്യൺ ഡോളർ.
അമേരിക്കൻ ആകാശത്തിന്റെ പരമാധികാരം സംരക്ഷിക്കുക എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. അതിർത്തി സുരക്ഷയ്ക്കും അനധികൃത ഡ്രോൺ നീക്കങ്ങൾ തടയുന്നതിനും ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കും.
എന്തുകൊണ്ട് ഡ്രോൺ പ്രതിരോധം?
കളിക്കളങ്ങളിലും പൊതുവേദികളിലും അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. 2025-ലെ എൻഎഫ്എൽ മത്സരത്തിനിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവവും ന്യൂജേഴ്‌സിയിൽ തുടർച്ചയായുണ്ടായ ഡ്രോൺ കാഴ്ചകളും അമേരിക്കൻ അധികൃതരെ കൂടുതൽ ജാഗ്രതയുള്ളവരാക്കിയിട്ടുണ്ട്.













