
വാഷിംഗ്ടൺ: ഡെന്മാർക്കിന്‍റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ ഏതുവിധേനയും അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് ട്രംപ് തന്റെ വിപുലീകരണ താല്പര്യങ്ങൾ വീണ്ടും ആവർത്തിച്ചത്. ഇത് സംബന്ധിച്ച് ഗ്രീൻലാൻഡുമായും ഡെന്മാർക്കുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ തടസ്സങ്ങൾ ഉണ്ടായാൽ സൈനിക നടപടി ഉൾപ്പെടെയുള്ള കഠിനമായ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്ക നടപടിയെടുത്തില്ലെങ്കിൽ ഗ്രീൻലാൻഡ് ഭാവിയിൽ റഷ്യയോ ചൈനയോ കൈവശപ്പെടുത്തുമെന്ന് ട്രംപ് അവകാശപ്പെട്ടു. “ഗ്രീൻലാൻഡുകാർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മൾ അവിടെ ചിലത് ചെയ്യാൻ പോകുകയാണ്. റഷ്യയെയോ ചൈനയെയോ നമ്മുടെ അയൽക്കാരായി കാണാൻ ആഗ്രഹിക്കുന്നില്ല,” ട്രംപ് പറഞ്ഞു. സമാധാനപരമായ ചർച്ചകളിലൂടെ ഗ്രീൻലാൻഡ് സ്വന്തമാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് നടന്നില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനകം തന്നെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് നടപടിയുടെ പശ്ചാത്തലത്തിൽ, ഗ്രീൻലാൻഡിന് നേരെയും സൈനിക നീക്കമുണ്ടാകുമോ എന്ന ഭീതിയിലാണ് യൂറോപ്യൻ രാജ്യങ്ങൾ.
തങ്ങൾ അമേരിക്കക്കാരോ ഡെന്മാർക്കുകാരോ ആകാൻ ആഗ്രഹിക്കുന്നില്ലെന്നും ‘ഗ്രീൻലാൻഡുകാരായി’ തുടരാനാണ് താല്പര്യമെന്നും അവിടുത്തെ ഭരണകക്ഷികളും പ്രതിപക്ഷവും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഗ്രീൻലാൻഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. ഒരു നാറ്റോ സഖ്യകക്ഷി മറ്റൊരു സഖ്യകക്ഷിയുടെ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനമായിരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഗ്രീൻലാൻഡിലെ ഓരോ പൗരനും 10,000 മുതൽ 100,000 ഡോളർ വരെ പണമായി നൽകി അവരെ സ്വാധീനിക്കാൻ വൈറ്റ് ഹൗസ് ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ 85 ശതമാനത്തോളം ഗ്രീൻലാൻഡ് പൗരന്മാരും അമേരിക്കയുടെ ഭാഗമാകുന്നതിനെ എതിർക്കുന്നു. ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും അവിടുത്തെ ധാതുസമ്പത്തുമാണ് ട്രംപിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത ആഴ്ച ഡെന്മാർക്ക് അധികൃതരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.










