
വാഷിംഗ്ടൺ: അമേരിക്കൻ സെക്കൻഡ് ലേഡി ഉഷ വാൻസും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും തങ്ങൾ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഉഷ വാൻസ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. വരാനിരിക്കുന്നത് ഒരു ആൺകുഞ്ഞാണെന്നും ജൂലൈ അവസാനത്തോടെ ജനിക്കുമെന്നും അവർ അറിയിച്ചു.
ഈ ദമ്പതികൾക്ക് നിലവിൽ ഇവാൻ, വിവേക്, മിറാബെൽ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു വൈസ് പ്രസിഡൻ്റിൻ്റെ പത്നി ഗർഭിണിയാകുന്നത്. തങ്ങളെ പരിചരിക്കുന്ന മിലിട്ടറി ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും വാൻസ് ദമ്പതികൾ നന്ദി അറിയിച്ചു.
“ചില ആവേശകരമായ വാർത്തകൾ പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ കുടുംബം വളരുകയാണ്! ഉഷയും കുഞ്ഞും സുഖമായിരിക്കുന്നു, ജൂലൈ അവസാനത്തോടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ആവേശകരവും തിരക്കേറിയതുമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ മികച്ച രീതിയിൽ പരിപാലിക്കുന്ന സൈനിക ഡോക്ടർമാർക്കും, ഞങ്ങളുടെ കുട്ടികളോടൊപ്പം അത്ഭുതകരമായ ജീവിതം ആസ്വദിക്കുന്നതിനൊപ്പം രാജ്യത്തെ സേവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ വളരെയധികം പ്രവർത്തിക്കുന്ന സ്റ്റാഫ് അംഗങ്ങൾക്കും ഞങ്ങൾ പ്രത്യേകിച്ചും നന്ദി പറയുന്നു,” അവർ എക്സിൽ പങ്കുവെച്ചു.
യേൽ ലോ സ്കൂളിലെ (Yale Law School) പഠനകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 2014 ജൂൺ 14-ന് കെന്റക്കിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ക്രിസ്തീയ ആചാരപ്രകാരവും ഹൈന്ദവ ആചാരപ്രകാരവുമുള്ള രണ്ട് വ്യത്യസ്ത ചടങ്ങുകൾ വിവാഹത്തിന്റെ ഭാഗമായി നടന്നു. ഉഷ വാൻസ് ഇന്ത്യൻ വംശജയാണ്. ആന്ധ്രാപ്രദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ രാധാകൃഷ്ണ ചിലുകുരിയുടെയും ലക്ഷ്മി ചിലുകുരിയുടെയും മകളാണ് ഇവർ. അമേരിക്കയുടെ സെക്കൻഡ് ലേഡി എന്ന പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ഇവർ. അറിയപ്പെടുന്ന ഒരു അഭിഭാഷകയായിരുന്ന ഉഷ വൈസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ ‘നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിളിലേക്ക്’ മാറിയ ശേഷം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Usha Vance is pregnant again; the couple is expecting their fourth child.














