“വൈസ് പ്രസിഡൻ്റാകണോ അതോ നാലാമത്തെ കുഞ്ഞ് വേണോ? വാൻസിനു മുന്നിലെത്തിയ വലിയ ചോദ്യം, 150 വർഷങ്ങൾക്കിപ്പുറം ആ ചരിത്രം തിരുത്തി ഉഷ ; പദവിയിലിരിക്കെ അമ്മയാകുന്ന ആദ്യ സെക്കൻഡ് ലേഡി!

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ ഭാര്യ ഉഷ വാൻസ് ഒരു പുതിയ ചരിത്രമെഴുതാൻ ഒരുങ്ങുകയാണ്. 1870-കൾക്ക് ശേഷം ഭർത്താവ് വൈസ് പ്രസിഡൻ്റ് പദവിയിലിരിക്കെ പ്രസവിക്കുന്ന ആദ്യത്തെ ‘സെക്കൻഡ് ലേഡി’ എന്ന അപൂർവ്വ നേട്ടമാണ് ഉഷയെ തേടിയെത്തുന്നത്. ഈ ജൂലൈയിൽ വാൻസ് കുടുംബത്തിലേക്ക് നാലാമതൊരു അതിഥി കൂടി എത്തും—അതൊരു ആൺകുഞ്ഞാണ് എന്ന് അവർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

നാലാമതൊരു കുഞ്ഞ് വേണമെന്ന കാര്യത്തിൽ ദമ്പതികൾക്കിടയിൽ നടന്ന രസകരമായ ചർച്ച ജെഡി വാൻസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. “നാലാമതൊരു കുഞ്ഞ് വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ, ‘ഒന്നെങ്കിൽ നിങ്ങൾക്ക് വൈസ് പ്രസിഡൻ്റാകാം, അല്ലെങ്കിൽ നാലാമത്തെ കുഞ്ഞ് വേണം’ എന്നായിരുന്നു ഉഷയുടെ മറുപടി. പക്ഷേ ഞാൻ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ മിടുക്കനായതുകൊണ്ട് എനിക്ക് രണ്ടും കിട്ടി!” – ജെഡി വാൻസ് തമാശയായി പറഞ്ഞു.

താൻ ഒരിക്കലും നാലാമത്തെ കുട്ടി വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നില്ലെന്നും, പക്ഷേ സമയം കടന്നുപോയപ്പോൾ ആ ചിന്ത തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ഉഷ വാൻസ് എൻ‌ബി‌സി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

തന്റെ മുൻപത്തെ ഗർഭകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ മാറ്റമുണ്ടെന്ന് ഉഷ പറയുന്നു. “കഴിഞ്ഞ തവണ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയമായതുകൊണ്ട് മിക്കപ്പോഴും സ്വെറ്റ് പാന്റ്‌സ് (sweat pants) ആയിരുന്നു വേഷം. മീറ്റിംഗുകൾ ഉള്ളപ്പോൾ മാത്രം അതിനു മുകളിൽ ഒരു ബ്ലേസർ ഇടും. എന്നാൽ ഇപ്പോൾ സെക്കൻഡ് ലേഡി എന്ന നിലയിൽ എപ്പോഴും ഔദ്യോഗിക വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങിയിരിക്കണം,” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

രണ്ടിൽ നിന്ന് നാലിലേക്ക്…

രണ്ട് കുട്ടികളുള്ള ഒരു ചെറിയ കുടുംബത്തിലാണ് ഉഷ വളർന്നത്. ഉഷയ്ക്ക് ശ്രേയ എന്നൊരു സഹോദരിയുണ്ട്. ആദ്യം രണ്ട് കുട്ടികൾ മതിയെന്ന് കരുതിയെങ്കിലും പിന്നീട് മൂന്നാമത്തെ കുഞ്ഞ് വേണമെന്ന് തോന്നി. മൂന്നാമത്തെ കുട്ടി ജനിച്ചതോടെ കുടുംബം പൂർണ്ണമായെന്ന് കരുതിയതാണ്. എങ്കിലും നാലാമതൊരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹം വന്നപ്പോൾ അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്ന് ഉഷ പറയുന്നു.

കുട്ടികൾക്കായി ഒരു പോഡ്‌കാസ്റ്റ്

കുട്ടികൾക്കായി ഒരു പോഡ്‌കാസ്റ്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഉഷ വാൻസ് ഇപ്പോൾ. ഇതിൻ്റെ സ്റ്റുഡിയോ ഒരുക്കുന്നതിലും ഡിസൈൻ ചെയ്യുന്നതിലും ഉഷയുടെ മറ്റു മക്കളും സജീവമായി കൂടെയുണ്ട്. അമേരിക്കയിലെ ആദ്യത്തെ ഹിന്ദു സെക്കൻഡ് ലേഡി എന്ന നിലയിലും, ഔദ്യോഗിക പദവിയിലിരിക്കെ അമ്മയാകുന്ന വ്യക്തി എന്ന നിലയിലും ഉഷ വാൻസ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.

Usha Vance, wife of American Vice President JD Vance, is preparing to write a new history.

More Stories from this section

family-dental
witywide