
യേരേവാൻ: അർമേനിയ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ വൈസ് പ്രസിഡന്‍റ് (അല്ലെങ്കിൽ പ്രസിഡന്റ്) എന്ന റെക്കോർഡ് ജെ ഡി വാൻസിന് സ്വന്തം. തിങ്കളാഴ്ച അർമേനിയൻ തലസ്ഥാനത്തെത്തിയ അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇതൊരു പുതിയ തുടക്കമാണെന്ന് പ്രഖ്യാപിച്ചു. സന്ദർശന വേളയിൽ അമേരിക്കൻ ഡ്രോൺ സാങ്കേതികവിദ്യയുടെ വിൽപനയും സിവിൽ ആണവ സഹകരണ കരാറും ഉൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാന് വാൻസ് തന്റെ പിന്തുണ അറിയിച്ചു. സൗത്ത് കോക്കസസ് മേഖലയിലെ നിർണ്ണായക ഗതാഗത ഇടനാഴിയിൽ അമേരിക്കയ്ക്ക് എക്സ്ക്ലൂസീവ് വികസന അധികാരം നൽകുന്ന സമാധാന കരാറിനെ വാൻസ് പ്രശംസിച്ചു. ഇതിനെ ‘ട്രംപ് റൂട്ട് ഫോർ ഇന്റർനാഷണൽ പീസ് ആൻഡ് പ്രോസ്പെരിറ്റി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ ഇടനാഴിയിലൂടെ സ്വകാര്യ മൂലധനം ഒഴുകുമെന്നും റെയിൽവേ, പൈപ്പ് ലൈൻ എന്നിവയുടെ നിർമ്മാണത്തിലൂടെ മേഖലയിൽ യഥാർത്ഥ അഭിവൃദ്ധി ഉണ്ടാകുമെന്നും വാൻസ് പറഞ്ഞു.
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും പാഷിന്യാന്റെയും ദീർഘവീക്ഷണമാണ് ഈ സമാധാന കരാറിന് പിന്നിലെന്ന് വാൻസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഓഗസ്റ്റിൽ വൈറ്റ് ഹൗസിൽ വെച്ച് അർമേനിയൻ, അസർബൈജാൻ നേതാക്കളെ ഉൾപ്പെടുത്തി ട്രംപ് നടത്തിയ ചർച്ചകളാണ് ഈ കരാറിന് വഴിതെളിച്ചത്. അതേസമയം, 2026-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഡോണാൾഡ് ട്രംപിന് ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി നികോൾ പാഷിന്യാൻ പറഞ്ഞു. ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ അംഗമായ താൻ അതിന്റെ അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ റഷ്യൻ സ്വാധീനം കുറയുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള ഈ പുതിയ സൗഹൃദം അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.














