തീവ്ര ഇടതുപക്ഷത്തിനെതിരെ കടന്നാക്രമണം; “ഇമിഗ്രേഷൻ നിയമങ്ങളെ എതിർക്കുന്നത് നിർത്തൂ, അതിർത്തികൾ അനിവാര്യമാണ്”; മിനിയാപൊളിസ് സന്ദർശനത്തിന് മുന്നോടിയായി ജെ ഡി വാൻസ്

ഒഹായോ: അമേരിക്കയിലെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനെതിരെ നടത്തുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കണമെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ആവശ്യപ്പെട്ടു. മിനിയാപൊളിസ് സന്ദർശനത്തിന് മുന്നോടിയായി ഒഹായോയിലെ ടോളിഡോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ക്രമസമാധാനവും അതിർത്തി സുരക്ഷയും ഉറപ്പാക്കാൻ കർശനമായ ഇമിഗ്രേഷൻ പരിശോധനകൾ അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“മിനിയാപൊളിസിലെ അരാജകത്വം അവസാനിപ്പിക്കണമെന്നുണ്ടെങ്കിൽ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ എതിർക്കുന്നത് നിർത്തണം. ഈ രാജ്യത്തിന് ഒരു അതിർത്തി ഉണ്ടാവണം എന്ന യാഥാർത്ഥ്യം നിങ്ങൾ ഉൾക്കൊള്ളണം,” വാൻസ് പറഞ്ഞു.

രാജ്യത്തുടനീളം ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടത്തുന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് തീവ്ര ഇടതുപക്ഷമാണെന്ന് വാൻസ് കുറ്റപ്പെടുത്തി. മിക്ക ആളുകളും നിയമങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന കുറ്റവാളികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും തീവ്ര ഇടതുപക്ഷക്കാർക്ക് തങ്ങളെ തടയാനാവില്ലെന്നും വാൻസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മിനിയാപൊളിസിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിലാണ് വൈസ് പ്രസിഡന്റിന്റെ ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഒഹായോയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് അദ്ദേഹം ടോളിഡോയിൽ എത്തിയത്. അവിടെ നിന്ന് വൈകുന്നേരത്തോടെ അദ്ദേഹം മിനിയാപൊളിസിലേക്ക് തിരിക്കും.

Also Read

More Stories from this section

family-dental
witywide