
കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. യു ഡി എഫ് നൂറിലധികം സീറ്റുകൾ നേടി കരുത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും കേരളത്തിൽ ഒരു പുതുയുഗത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം അടുത്ത 24 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്നും സീറ്റ് വിഭജന ചർച്ചകൾ വിജയകരമായി പൂർത്തിയായെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ തകർപ്പണമാക്കിയ ഇടത് സർക്കാരിനെതിരെ ജനം പോളിംഗ് ബൂത്തിൽ ശക്തമായി പ്രതികരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗുമായുള്ള സീറ്റ് ചർച്ചകൾ സൗഹാർദ്ദപരമായി പൂർത്തിയായെന്നും ചെറിയ തർക്കങ്ങൾ അരമണിക്കൂർ കൊണ്ട് പരിഹരിച്ചുവെന്നും അദ്ദേഹം വിവരിച്ചു. തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട്, പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
VD Satheesan expressed confidence, saying, ‘We will come to power by winning more than 100 seats, and will announce our candidate within 24 hours’














