മഡുറോയെയും ഭാര്യയെയും ഉടൻ വിട്ടുനൽകണം; അമേരിക്കയോട് വെനിസ്വേലൻ പ്രതിരോധ മന്ത്രി, ‘അമേരിക്കയുടേത് ക്രിമിനൽ അധിനിവേശം’

കാരക്കാസ്: അമേരിക്കൻ സൈന്യം പിടികൂടി കൊണ്ടുപോയ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും പ്രഥമ വനിത സിലിയ ഫ്ലോറസിനെയും ഉടൻ വിട്ടയക്കണമെന്ന് വെനിസ്വേലൻ പ്രതിരോധ മന്ത്രി വ്ലാദിമിർ പഡ്രിനോ ലോപ്പസ് ആവശ്യപ്പെട്ടു. മഡുറോയുടെ അറസ്റ്റിന് പിന്നാലെ ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം അമേരിക്കയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. “ഞങ്ങളുടെ കമാൻഡർ ഇൻ ചീഫ് കൂടിയായ പ്രസിഡന്റിനെയും പ്രഥമ വനിതയെയും അടിയന്തരമായി തിരികെ നൽകണം. വെനിസ്വേലയുടെ പരമാധികാരത്തിന് നേരെ അമേരിക്ക നടത്തുന്ന ക്രിമിനൽ അധിനിവേശമാണിത്,” ലോപ്പസ് പറഞ്ഞു.

വെനിസ്വേല ഇതുവരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കടന്നുകയറ്റമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും രാജ്യത്തെ ജനവാസ മേഖലകളിൽ വരെ മിസൈൽ ആക്രമണം നടത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സൈനിക നടപടിയെ രാജ്യം ഒരുകാലത്തും അംഗീകരിക്കില്ലെന്നും വൈദേശിക ശക്തികൾക്കെതിരെ സൈന്യവും ജനങ്ങളും ഐക്യത്തോടെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. മഡുറോയുടെ നിർദ്ദേശപ്രകാരം രാജ്യത്ത് സൈനിക വിന്യാസം ശക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.

മഡുറോയും ഭാര്യയും സുരക്ഷിതരാണെന്നതിന് തെളിവ് വേണമെന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. ഇത് ഒരു ‘തട്ടിക്കൊണ്ടുപോകൽ’ ആണെന്നാണ് വെനിസ്വേലൻ സർക്കാർ വിശേഷിപ്പിക്കുന്നത്.
‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെയാണ് കാരക്കാസിലെ സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ കമാൻഡോകൾ മഡുറോയെ പിടികൂടിയത്. അമേരിക്കയുടെ അധിനിവേശത്തിനെതിരെ വെനിസ്വേല ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide