
കാരക്കസ്: മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ വെനിസ്വേലയുടെ ഭരണം ഏറ്റെടുത്ത ഡെൽസി റോഡ്രിഗസ്, അമേരിക്കൻ ഭരണകൂടത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി. വാഷിംഗ്ടണിൽ നിന്നുള്ള ഉത്തരവുകൾ സ്വീകരിക്കുന്നത് വെനിസ്വേലൻ രാഷ്ട്രീയക്കാർ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുവെർട്ടോ ലാ ക്രൂസ് നഗരത്തിലെ എണ്ണ ശുദ്ധീകരണ ശാലയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യവെയാണ് റോഡ്രിഗസ് അമേരിക്കയ്ക്കെതിരെ സംസാരിച്ചത്. വെനിസ്വേലയുടെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ വെനിസ്വേലൻ രാഷ്ട്രീയത്തിന് കഴിയുമെന്നും വിദേശ ശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.
വെനിസ്വേലയിലെ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കണമെന്നും അതിന്റെ നിയന്ത്രണം സംബന്ധിച്ചും അമേരിക്കയിൽ നിന്ന് വലിയ സമ്മർദ്ദമാണ് റോഡ്രിഗസ് നേരിടുന്നത്. ഇതിനോടുള്ള പ്രതികരണമായാണ് “മതിയായി” എന്ന കർശന നിലപാട് അവർ സ്വീകരിച്ചത്. മഡുറോയുടെ വിശ്വസ്തയായിരുന്ന റോഡ്രിഗസിനെയാണ് അമേരിക്ക ഇടക്കാല നേതാവായി പിന്തുണയ്ക്കുന്നത്. എന്നാൽ രാജ്യത്തിനുള്ളിലെ മഡുറോ അനുകൂലികളെയും ഷാവിസ്റ്റുകളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടെ അമേരിക്കയുടെ അമിത നിയന്ത്രണം തങ്ങൾക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് പുതിയ പ്രസ്താവന.
ജനുവരി ആദ്യം നടന്ന അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെയാണ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം ന്യൂയോർക്കിലെത്തിച്ചത്. നിലവിൽ മഡുറോ അവിടെ വിചാരണ നേരിടുകയാണ്. വെനിസ്വേലയിലെ എണ്ണ വിപണിയിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കാനും ഗൾഫ് തീരങ്ങളിലെ ശുദ്ധീകരണ ശാലകളിലേക്ക് വെനിസ്വേലൻ ക്രൂഡ് ഓയിൽ എത്തിക്കാനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. വെനിസ്വേലൻ ജനത സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഒന്നിച്ചു നിൽക്കണമെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ബൊളിവേറിയൻ നയതന്ത്രം ഉപയോഗിക്കുമെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു.














