
വാഷിംഗ്ടൺ: നിക്കോളാസ് മഡുറോയെ സാഹസികമായും നാടകീയമായും അമേരിക്കയിലേക്ക് ബലമായി എത്തിച്ച ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ പുതിയ ഭരണകൂടത്തിന് മുന്നിൽ കൂടുതൽ ആവശ്യങ്ങൾ നിരത്തുന്നു. വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ യുഎസിലേക്ക് നൽകുന്നതിനു മുമ്പായി ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്നും ആ രാജ്യങ്ങളിൽ നിന്നുള്ള ഉപദേശകരെയും പ്രതിനിധികളെയും പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
എണ്ണ ഉൽപാദനത്തിൽ വെനിസ്വേല അമേരിക്കയുമായി മാത്രം പങ്കാളിയാകണമെന്നും ഹെവി ക്രൂഡ് ഓയിൽ വിൽപനയിൽ അമേരിക്കയ്ക്ക് മുൻഗണന നൽകണമെന്നുമാണ് മറ്റൊരു പ്രധാന നിബന്ധനയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഏകദേശം 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ അമേരിക്കയ്ക്ക് കൈമാറാൻ വെനിസ്വേല സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന പണം ട്രംപിന്റെ നിയന്ത്രണത്തിലായിരിക്കും, അത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
ലഹരിമരുന്ന് കടത്ത് തടയുന്നതിനും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഇടക്കാല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ വെനിസ്വേലയെ അനുവദിക്കൂ എന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.
Venezuela’s oil production should only be with the US, and no economic ties with China, Russia, or Iran’ – Trump’s demands










