
ഷോളി കുമ്പിളുവേലി
ന്യൂ യോർക്ക് : ബ്രോങ്ക്സ് സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ, അമ്പതു നോമ്പിന് തുടക്കം കുറിച്ച്‌കൊണ്ട്, ഫെബ്രുവരി 16ന് (തിങ്കളാഴ്ച) വിഭൂതി തിരുന്നാൾ ആചരിച്ചു. വൈകുന്നേരം ഏഴ് മണിക്കാരംഭിച്ച തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഫാ. കുര്യാക്കോസ് വടാന മുഖ്യകാർമ്മികത്വം വഹിച്ചു. റവ. ഫാ. സോജൻ ഐക്കരകുന്നേൽ എം.എസ്.റ്റി സഹകാർമ്മികനായിരുന്നു.

ലത്തീൻ ആരാധന രീതിയനുസരിച്ചു, ബുധനാഴ്ചയാണ് വിഭൂതി, എന്നാൽ പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ചു തിങ്കളാഴ്ചയാണ് വിഭൂതിത്തിരുന്നാൽ ആചരിക്കുന്നതും, നോമ്പ് തുടങ്ങുന്നതും. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചയിൽ വിശ്വാസികൾ കൈകളിലേന്തിയ കുരുത്തോലകൾ കത്തിച്ചാണ് വിഭൂതി തിരുന്നാളിനുള്ള ഭസ്മം തയ്യാറാക്കുന്നത്. നെറ്റിയിൽ അണിയുന്ന ചാരം വെറുമൊരു അടയാളമല്ല, “മനുഷ്യൻ വെറും പൊടിയാണെന്നും, പൊടിയിലേക്കു” തന്നെ മടങ്ങുമെന്നുമുള്ള ഓർമ്മപ്പെടുത്തലാണ്. വിദ്വേഷം വെടിഞ്ഞും, വിനയത്തിൻ്റെയും അനുതാപത്തിൻ്റെയും മാർഗത്തിലൂടെ, ദൈവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അമ്പതു ദിവസത്തെ നോമ്പു കൊണ്ടുദ്ദേശിക്കുന്നത്. ഉയിർപ്പു തിരുന്നാളിലാണ് നോമ്പ് അവസാനിക്കുന്നത്.

ബ്രോങ്ക്സ് ഇടവകയിൽ, നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളും വിശുദ്ധ കുർബാനയോടനുബന്ധിച്ചു കുരിശിൻ്റെ വഴിയും ഉണ്ടാകും. ഉയർപ്പുതിരുന്നാളിനുള്ള ആത്മീയ ഒരുക്കത്തിനായി മാർച്ച് , 27, 28, 29 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ, പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. റോയ് ജോസഫ് കടുപ്പിൽ നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിലുള്ള അവസരവും ഉണ്ടാകും.

മാർച്ച് 29-നാണ് ഓശാന ഞായർ. രാവിലെ 9 മണിക്ക് കുരുത്തോല വിതരണത്തോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഏപ്രിൽ രണ്ടിന് വൈകുന്നേരം 6 മണിക്ക് പെസഹാ ആചരിക്കും. ഏപ്രിൽ 3ന്, ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്കു ശുശ്രൂഷകൾ തുടങ്ങും. ഏപ്രിൽ 4ന് രാവിലെ 9 മണിക്ക് ആദ്യ ശനി ആചരിക്കും. വീടുകളിലേക്ക് പുതിയ വെള്ളവും, വെളിച്ചവും തിരുക്കർമ്മങ്ങൾക്കു ശേഷം വിതരണം ചെയ്യും.

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഉയർപ്പുതിരുന്നാളിൻ്റെ തിരുക്കർമ്മങ്ങൾ (Easter Eve) ആരംഭിക്കും. ഏപ്രിൽ 5ന് ഞായറാഴ്ച രാവിലെ 10 മണിക്കും വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും.

നോമ്പ് കാലത്തെ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു, ഉയർപ്പുതിരുന്നാളിന് വേണ്ടി ആത്മീയമായി ഒരുങ്ങുവാൻ എല്ലാ വിശ്വാസികളെയും ബ്രോങ്ക്സ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി വികാരി റവ. ഫാ. കുര്യാക്കോസ് വടാന അറിയിച്ചു.
Vibhuti Thirunal celebrated at Bronx St. Thomas Syro-Malabar Church















