
ശബരിമല സന്നിധാനത്ത് ‘ആടിയ ശിഷ്ടം നെയ്യ്’ വിതരണം ചെയ്യുന്ന കൗണ്ടറുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധന നടത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ നെയ്യ് പാക്കറ്റുകൾ കാണാതായതും വിറ്റഴിച്ച തുക ദേവസ്വം അക്കൗണ്ടിൽ എത്താതിരുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം പരിശോധന കർശനമാക്കിയത്. വിജിലൻസ് എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്തെ വിവിധ പോയിന്റുകളിൽ പരിശോധന പൂർത്തിയാക്കിയത്.
പരിശോധനയിൽ മരാമത്ത് കോംപ്ലക്‌സിലെ കൗണ്ടറിൽ മാത്രം ഏകദേശം 35 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. വിറ്റഴിച്ച നെയ്യ് പാക്കറ്റുകളുടെ എണ്ണവും ശേഖരിച്ച തുകയും തമ്മിൽ വലിയ അന്തരമാണ് പരിശോധനയിൽ വ്യക്തമായത്. 16,000-ത്തിലധികം പാക്കറ്റുകൾ വിറ്റ പണം ബാങ്കിൽ അടച്ചിട്ടില്ലെന്നും സ്റ്റോക്കിൽ 22,000-ത്തോളം പാക്കറ്റുകളുടെ കുറവുണ്ടെന്നും വിജിലൻസ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ കൃത്യമായി രസീതുകൾ നൽകാതെയാണ് പലപ്പോഴും വിൽപ്പന നടത്തുന്നതെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുമായി ബന്ധപ്പെട്ട് 33 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നിലവിൽ അന്വേഷണം നടത്തുന്നത്. ഇതിൽ കുറ്റക്കാരനാണെന്ന് പ്രാഥമികമായി കണ്ടെത്തിയ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. നെയ്യ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഉദ്യോഗസ്ഥർ അവിശുദ്ധമായി കൈവശപ്പെടുത്തിയതാണോ എന്ന് വിജിലൻസ് വിശദമായി പരിശോധിച്ചുവരികയാണ്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് വിജിലൻസ് തീരുമാനം.









