
തമിഴ്നാട്ടിൽ വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നതുമുതൽ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം തന്നെ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തെയും തൃഷയെയും ചുറ്റിപ്പറ്റിയ അഭ്യൂഹങ്ങൾ. വിജയ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഈ ചർച്ചകൾ കൂടുതൽ ശക്തമായി. വിജയ്‌യുടെ ഭാര്യ സംഗീത നൽകിയതായി റിപ്പോർട്ട് ചെയ്ത വിവാഹമോചന ഹർജി, ഒരു വിവാഹച്ചടങ്ങിൽ ഒരുമിച്ചെത്തിയ വിജയ്–തൃഷ ചിത്രങ്ങൾ, ഇരുവരുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ എന്നിവയെല്ലാം ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ഇന്ധനമായി.
ഏറ്റവും ഒടുവിൽ തൃഷ വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇരുവരുടെയും ആരാധകർ ഇവർ ഒരുമിച്ചെത്തുന്ന ഓരോ നിമിഷവും ആഘോഷമാക്കുന്നുണ്ട്. സിനിമാ ഗാനങ്ങൾ പശ്ചാത്തലമാക്കി തയ്യാറാക്കുന്ന റീലുകളും ഫാൻ എഡിറ്റുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, ഈ ആഘോഷങ്ങളെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. വിജയ്–തൃഷ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ആരാധക പ്രതികരണങ്ങൾ വിവാഹേതര ബന്ധങ്ങളെ സാധാരണവൽക്കരിക്കുന്നുവെന്നാണ് വിമർശകരുടെ വാദം.
“ഇന്ന് വിജയ്–തൃഷയെ പിന്തുണയ്ക്കുന്നവർ നാളെ ഇതേ സാഹചര്യം മറ്റാരെങ്കിലും നേരിട്ടാലും അതേ പിന്തുണ നൽകുമോ?” എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ വിമർശനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നത് വിജയ്‌യുടെ ഭാര്യ സംഗീത നൽകിയതായി പറയപ്പെടുന്ന വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ്. ഹർജിയിൽ വിവാഹേതരബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നേരത്തേ മുതൽ നിലനിന്നിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെ ഈ അഭ്യൂഹങ്ങളെ ചർച്ചയാക്കി മാറ്റിയിട്ടുണ്ട്.













