‘ഗോ ബാക്ക് കോൺഗ്രസ്’; സ്റ്റാലിന്റെ വസതിക്ക് മുന്നിൽ ഡി.എം.കെ പ്രവർത്തകരുടെ പ്രതിഷേധം, ചെന്നൈയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെയുടെ തീരുമാനത്തെച്ചൊല്ലി കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിൽ കോൺഗ്രസ് വിരുദ്ധ പ്രതിഷേധം. ‘ഗോ ബാക്ക് കോൺഗ്രസ്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പോസ്റ്ററുകളുമായാണ് പ്രതിഷേധം നടന്നത്. ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രതിഷേധം ശ്രദ്ധേയമായത്.

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെയുടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സ്റ്റാലിനെ പ്രേരിപ്പിക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന സംഘം ചെന്നൈയിലെത്തിയിട്ടുണ്ട്. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് സ്റ്റാലിന്റെ വസതിക്ക് പുറത്ത് കോൺഗ്രസ് വിരുദ്ധ പോസ്റ്ററുകളുമായി പ്രതിഷേധം അരങ്ങേറിയത്. ഒരു യുവതി പോസ്റ്ററുമായി നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സ്റ്റാലിൻ. ഡി.എം.കെ സ്വീകരിക്കുന്ന ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചരിത്രം തങ്ങളെ ‘എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ്’ രേഖപ്പെടുത്തുകയെന്നും സ്റ്റാലിൻ പ്രത്യാശ പ്രകടിപ്പിച്ചു.

പുതുക്കിയ ബില്ലിൽ ഡി.എം.കെ മുന്നോട്ടുവെച്ച രണ്ട് പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതാണ് നിലപാട് മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 22 ലോക്‌സഭാ എം.പിമാരും എട്ട് രാജ്യസഭാ എം.പിമാരുമുള്ള ഡി.എം.കെ നേരത്തെ ബില്ലിന്റെ പകർപ്പ് കത്തിച്ച് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, പുതിയ മാറ്റങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഡി.എം.കെയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നാണ് സ്റ്റാലിന്റെ നിലപാട്.

ബില്ലിനെതിരെ ഇന്ത്യാ സഖ്യം ഒന്നിച്ച് നിൽക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, തമിഴ്‌നാടിന്റെ താൽപര്യങ്ങളും ഭരണഘടനയും സംരക്ഷിക്കാൻ ബില്ലിനെ ഒരുമിച്ച് പരാജയപ്പെടുത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സ്റ്റാലിൻ എന്നും ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം, ഓഗസ്റ്റ് മൂന്നിന് നടത്തിയ പ്രസ്താവനയിൽ മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കുന്നവർ തമിഴ്‌നാടിനെ ഒറ്റിക്കൊടുക്കുകയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ആർ.എസ്.എസിനും ബി.ജെ.പിക്കും ജനങ്ങളെ ആക്രമിക്കാൻ അവസരമൊരുക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരക്കാരെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എട്ടപ്പന്മാർ’ എന്നായിരുന്നു രാഹുലിന്റെ വിശേഷണം. ഇതിന് മറുപടിയായാണ് സ്റ്റാലിൻ കട്ടബൊമ്മൻ പരാമർശം നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്‌നാട്ടിൽ ഡി.എം.കെയുമായുള്ള സഖ്യം കോൺഗ്രസ് അവസാനിപ്പിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. തുടർന്ന് സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാരിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ഭരണസഖ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. ഇതിന് പിന്നാലെ ഡി.എം.കെയും കോൺഗ്രസും പരസ്പരം വിമർശനം ശക്തമാക്കിയിരുന്നു. മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇരു പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ അകൽച്ച കൂടുതൽ വ്യക്തമാക്കുന്നതാണ്.

Also Read

More Stories from this section

family-dental
witywide