
ബുഡാപെസ്റ്റ്: ഹംഗറിയിൽ 16 വർഷമായി തുടരുന്ന വിക്ടർ ഓർബൻ്റെ ഭരണത്തിന് അന്ത്യം. ഞായറാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിൻ്റെ നേതൃത്വത്തിലുള്ള തിസ പാർട്ടി അട്ടിമറി വിജയം നേടി. ഇതോടെ യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന നേതാവ് എന്ന പദവിയിൽ നിന്ന് ഓർബൻ പടിയിറങ്ങുകയാണ്.
ആകെ വോട്ടുകളുടെ 77% എണ്ണിക്കഴിഞ്ഞപ്പോൾ പീറ്റർ മഗ്യാറിൻ്റെ പാർട്ടി 53% വോട്ടുകൾ നേടി. നിലവിലെ ഭരണകക്ഷിയായ ഫിഡെസ് പാർട്ടിക്ക് 38% വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 90 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 60 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തി. യൂറോപ്പും അമേരിക്കയും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.
ഞായറാഴ്ച രാത്രി വൈകി ജനങ്ങളെ അഭിസംബോധന ചെയ്ത വിക്ടർ ഓർബൻ പരാജയം സമ്മതിച്ചു. “ഇതൊരു വേദനാജനകമായ ഫലമാണ്. വിജയിച്ച പാർട്ടിയെ ഞാൻ അഭിനന്ദിക്കുന്നു. ഇനി പ്രതിപക്ഷത്തിരുന്നുകൊണ്ട് രാജ്യത്തെ സേവിക്കും,” അദ്ദേഹം പറഞ്ഞു. പീറ്റർ മഗ്യാറിനെ ഫോണിൽ വിളിച്ച് ഓർബൻ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ബുഡാപെസ്റ്റിലെ പാർലമെൻ്റ് മന്ദിരത്തിന് മുന്നിലും ഡാന്യൂബ് നദിക്കരയിലും ആയിരക്കണക്കിന് ആളുകളാണ് ഹംഗേറിയൻ പതാകയുമായി വിജയാഘോഷത്തിന് എത്തിയത്. ഇതൊരു ചരിത്ര നിമിഷമാണെന്നും രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യമായെന്നും ആഘോഷത്തിൽ പങ്കെടുത്തവർ പ്രതികരിച്ചു. അഴിമതിക്കെതിരെയും യൂറോപ്യൻ യൂണിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് തങ്ങൾ വോട്ട് ചെയ്തതെന്ന് യുവാക്കൾ വ്യക്തമാക്കി.
ഹംഗറിയിലെ മാറ്റത്തെ യൂറോപ്യൻ നേതാക്കളും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. “യൂറോപ്പിൻ്റെ ഹൃദയമിടിപ്പ് ഹംഗറിയിൽ ഇന്ന് ശക്തമായി കേൾക്കാം” എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരും പുതിയ നേതാവിനെ അഭിനന്ദിച്ചു.
അഴിമതി ആരോപണങ്ങളും, റഷ്യയോടുള്ള മൃദുസമീപനവും, മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ് ഓർബന് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂണിയന്റെ നയങ്ങളെ എതിർക്കുകയും, റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന വിക്ടർ ഓർബനെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചിരുന്നു. ഓർബൻ്റെ പതനം ആഗോള രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Viktor Orban era ends in Hungary; Peter Magyar’s coup victory ends 16 years of rule















