
ബോസ്റ്റൺ: അമേരിക്കയിൽ ‘യു’ വിസ ലഭിക്കുന്നതിനായി വ്യാജ സായുധ കവർച്ചകൾ ആസൂത്രണം ചെയ്ത സംഭവത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു. സായുധ കവർച്ചയ്ക്ക് ഇരയാകുന്നവർക്ക് യുഎസ് സർക്കാർ നൽകുന്ന പ്രത്യേക വിസ ആനുകൂല്യം തട്ടിയെടുക്കാൻ ശ്രമിച്ച പത്ത് പേരാണ് പിടിയിലായത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയാലുടൻ ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
അമേരിക്കയിൽ കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്കോ കുറ്റകൃത്യങ്ങൾക്കോ ഇരയാകുന്നവർക്കും, അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നവർക്കും നൽകുന്നതാണ് ‘യു വിസ’. ഈ നിയമത്തെ ദുരുപയോഗം ചെയ്യാനാണ് പ്രതികൾ ശ്രമിച്ചത്. 2023 മാർച്ചിൽ റാംഭായ് പട്ടേൽ എന്നയാളുടെ നേതൃത്വത്തിൽ മസാച്ചുസെറ്റ്‌സിലെയും പരിസര പ്രദേശങ്ങളിലെയും മദ്യശാലകളിലും റെസ്റ്റോറൻ്റുകളിലും വ്യാജ സായുധ കവർച്ചകൾ സംഘടിപ്പിച്ചു.
കടയുടമകൾക്ക് പണം നൽകി അവരെ സ്വാധീനിച്ച ശേഷം, തോക്കുധാരികൾ കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു നാടകം. ഈ സമയത്ത് അവിടെ ഹാജരുള്ള ജീവനക്കാർ ഇരകളാണെന്ന് കാണിച്ച് വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിസ ആവശ്യമുള്ളവരിൽ നിന്ന് റാംഭായ് പട്ടേൽ വൻതുക കൈപ്പറ്റിയിരുന്നു.
മസാച്ചുസെറ്റ്സിലെ മാർഷ്‍ഫീൽഡിൽ താമസിക്കുന്ന ജിതേന്ദ്രകുമാർ പട്ടേൽ (39), റാൻഡോൾഫിൽ നിന്നുള്ള മഹേഷ് കുമാർ പട്ടേൽ (36), സംഗീതാബെൻ പട്ടേൽ (36), ക്വിൻസിയിലെ സഞ്ജയ് കുമാർ പട്ടേൽ (45), പ്ലെയിൻവില്ലിലെ അമിതാബെൻ പട്ടേൽ (43) എന്നിവരാണ് പട്ടികയിലുള്ള പ്രധാനികൾ. ഇവരെക്കൂടാതെ വെമൗത്തിൽ താമസിച്ചിരുന്നതും നിലവിൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടതുമായ ദീപികാബെൻ പട്ടേൽ (40), കെന്റക്കിയിലെ യൂബാങ്കിൽ നിന്നുള്ള രമേഷ് ഭായ് പട്ടേൽ (52), മിസിസിപ്പിയിലെ മേരിലാൻഡ് ഹൈറ്റ്സിൽ താമസിക്കുന്ന റോണക് കുമാർ പട്ടേൽ (28), ഒഹായോയിലെ പെറിസ്ബർഗിൽ നിന്നുള്ള മിങ്കേഷ് പട്ടേൽ (42), സോണൽ പട്ടേൽ (42) എന്നിവരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.. ഇവരെല്ലാവരും അമേരിക്കയിൽ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഇതിൽ ദീപികാബെൻ പട്ടേലിനെ ഇതിനകം തന്നെ നാടുകടത്തിക്കഴിഞ്ഞു.
വിസ തട്ടിപ്പിനായുള്ള ഗൂഢാലോചനയ്ക്ക് അഞ്ച് വർഷം വരെ തടവും മൂന്ന് വർഷത്തെ നിരീക്ഷണവും 2.5 ലക്ഷം ഡോളർ പിഴയും ശിക്ഷ ലഭിക്കാം. ശിക്ഷാ കാലാവധി കഴിഞ്ഞാലുടൻ എല്ലാവരെയും നാടുകടത്തും. കേസിലെ പ്രധാന ആസൂത്രകരായ റാംഭായ് പട്ടേലും ഡ്രൈവർ ബൽവീന്ദർ സിംഗും നേരത്തെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ 11 പേർക്കെതിരെ പരാതി ഉയർന്നിരുന്നെങ്കിലും പത്ത് പേർക്കെതിരെയാണ് ഇപ്പോൾ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
visa fraud in America: Chargesheet filed against 10 Indians; to be deported after conviction















