
വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂയോർക്കിൽ അതിശൈത്യത്തിനിടെ ഫെഡറൽ ഇമിഗ്രേഷൻ വിഭാഗം നടുറോഡിൽ ഇറക്കിവിട്ട മ്യാൻമർ അഭയാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഴ്ച പരിമിതിയുള്ള ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത 56-കാരനായ നൂറുൽ അമിൻ ഷാ ആലം ആണ് ദാരുണമായി മരണപ്പെട്ടത്.
ബഫല്ലോ നഗരത്തിലെ കൊടും തണുപ്പിൽ, തൻ്റെ വീട്ടിൽ നിന്നും മൈലുകൾ അകലെയുള്ള ഒരു കോഫി ഷോപ്പിന് മുന്നിലാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഇറക്കിവിട്ടത്. അദ്ദേഹം എത്തിയപ്പോൾ കോഫി ഷോപ്പ് അടഞ്ഞുപോയിരുന്നു. ഏകദേശം 2.2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയിൽ, പോകാൻ ഒരിടവുമില്ലാതെ അദ്ദേഹം തെരുവിലായി. ഇദ്ദേഹം എവിടെയാണെന്ന വിവരം കുടുംബത്തെയോ അഭിഭാഷകനെയോ അധികൃതർ അറിയിച്ചിരുന്നില്ല. ഫെബ്രുവരി 19-ന് കാണാതായ ഇദ്ദേഹത്തെ, ഫെബ്രുവരി 24-നാണ് കോഫി ഷോപ്പിൽ നിന്ന് 6 മൈൽ അകലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഉള്ളതായി തോന്നിയില്ലെന്നും, സുരക്ഷിതമായ ഇടമെന്ന് കരുതിയാണ് അവിടെ ഇറക്കിയതെന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം പറയുന്നത്. എന്നാൽ, കാഴ്ചശക്തിയില്ലാത്ത, ഇംഗ്ലീഷ് അറിയാത്ത ഒരാളെ അടഞ്ഞുകിടക്കുന്ന കടയുടെ മുന്നിൽ തണുപ്പത്ത് ഉപേക്ഷിച്ച ഉദ്യോഗസ്ഥരുടെ നടപടി “അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന്” ബഫല്ലോ മേയർ സീൻ റയാൻ പ്രതികരിച്ചു. ഇതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഒരു വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയെന്നാരോപിച്ച് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കയ്യിലിരുന്ന കർട്ടൻ കമ്പി താഴെയിടാൻ പൊലീസ് പറഞ്ഞത് ഭാഷ അറിയാത്തതിനാൽ നൂറുൽ അമിന് മനസ്സിലായിരുന്നില്ല. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇദ്ദേഹം ജയിലിലായത്. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹം ഒരു അഭയാർത്ഥിയാണെന്നും നാടുകടത്താൻ നിയമപരമായി കഴിയില്ലെന്നും ബോധ്യപ്പെട്ടതോടെയാണ് അധികൃതർ ഇദ്ദേഹത്തെ വിട്ടയച്ചത്.
തൻ്റെ പിതാവിനെ അധികൃതർ കൊടും തണുപ്പിൽ വഴിയിലുപേക്ഷിച്ചതാണ് മരണത്തിന് കാരണമായതെന്ന് മകൻ മുഹമ്മദ് ഫൈസൽ ആരോപിച്ചു. സംഭവത്തിൽ ബഫല്ലോ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Visually impaired Myanmar refugee found dead after federal immigration officers dumped him on the road in freezing weather















