
ഒഹായോ: ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ചരിത്രപരമായ മുന്നേറ്റവുമായി വിവേക് രാമസ്വാമി. 2025-ന്റെ രണ്ടാം പകുതിയിൽ (ജൂലൈ – ഡിസംബർ) മാത്രം അദ്ദേഹം 9.88 ദശലക്ഷം ഡോളർ (ഏകദേശം 82 കോടി രൂപ) സമാഹരിച്ചു. ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു സ്ഥാനാർത്ഥി ഒരു നിശ്ചിത കാലയളവിനുള്ളിൽ ശേഖരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഈ തുകയിൽ വിവേക് രാമസ്വാമിയുടെ വ്യക്തിപരമായ നിക്ഷേപങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും പൂർണ്ണമായും അനുഭാവം പ്രകടിപ്പിച്ച ദാതാക്കളിൽ നിന്ന് ലഭിച്ചതാണെന്നും അദ്ദേഹത്തിന്റെ ക്യാമ്പയിൻ വക്താക്കൾ അറിയിച്ചു.
2025-ൽ ആകെ 19.57 ദശലക്ഷം ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. 2017-ൽ മൈക്ക് ഡിവിൻ സ്ഥാപിച്ച 8.4 ദശലക്ഷം ഡോളർ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2025-ന്റെ ആദ്യ പകുതിയിൽ 40,000-ത്തോളം വ്യത്യസ്ത ദാതാക്കളിൽ നിന്നാണ് ഫണ്ട് ലഭിച്ചത്. രണ്ടാം പകുതിയിലും സമാനമായ പിന്തുണ ലഭിച്ചതായി ക്യാമ്പയിൻ മാനേജർ ജോനാഥൻ എവിംഗ് വ്യക്തമാക്കി. നിലവിലെ ഗവർണർ മൈക്ക് ഡിവിൻ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന സാഹചര്യത്തിൽ, 2026-ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമിയുടെ ഈ സാമ്പത്തിക മുന്നേറ്റം വലിയ നിർണ്ണായകമാകും.
ഫണ്ട് ശേഖരണത്തിലെ ഈ റെക്കോർഡ് നേട്ടത്തിനൊപ്പം തന്നെ വിവേക് രാമസ്വാമി മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി നടത്തി. 2026-ൽ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്തതായും ഇനി നേരിട്ട് വോട്ടർമാരെ കണ്ട് സംവദിക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം വാൾസ്ട്രീറ്റ് ജേർണലിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.















