ദക്ഷിണേഷ്യൻ സമൂഹത്തിൻ്റെ ശബ്ദം; ഇന്ത്യൻ-അമേരിക്കൻ മാധ്യമപ്രവർത്തകൻ വിഷ്ണുദത്ത ജയരാമനെ ആദരിച്ച് വിർജീനിയ സെനറ്റ്

വാഷിംഗ്ടൺ: പത്രപ്രവർത്തന രംഗത്തും അമേരിക്കയിലെ ദക്ഷിണേഷ്യൻ സമൂഹത്തിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഇന്ത്യൻ-അമേരിക്കൻ മാധ്യമപ്രവർത്തകൻ ടി. വിഷ്ണുദത്ത ജയരാമനെ വിർജീനിയ സ്റ്റേറ്റ് സെനറ്റ് പ്രമേയത്തിലൂടെ ആദരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന സെനറ്റ് സമ്മേളനത്തിലാണ് ഈ പ്രമേയം അംഗീകരിച്ചത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൻ്റെയും ദക്ഷിണേഷ്യൻ വംശജരുടെയും ആധികാരിക ശബ്ദമായി മാറുന്നതിനായി 2024 ഒക്ടോബറിൽ അദ്ദേഹം സ്ഥാപിച്ച ‘സൗത്ത് ഏഷ്യൻ ഹെറാൾഡ്’ എന്ന വാർത്താ മാധ്യമത്തിൻ്റെ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളെയും സെനറ്റ് പ്രകീർത്തിച്ചു.

സ്റ്റേറ്റ് സെനറ്റർ കണ്ണൻ ശ്രീനിവാസൻ അവതരിപ്പിച്ച പ്രമേയത്തിൽ, ജയരാമൻ “വൈവിധ്യമാർന്ന ശബ്ദങ്ങൾക്ക് ഇടം നൽകുകയും, അറിവുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും, കോമൺവെൽത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു” എന്ന് പ്രത്യേകം പരാമർശിച്ചു. ആദരസൂചകമായ പ്രമേയം സെനറ്റിൽ വായിച്ച സമയത്ത് അദ്ദേഹവും ഗാലറിയിലുണ്ടായിരുന്നു. വിർജീനിയ ലെഫ്റ്റനൻ്റ് ഗവർണറും സെനറ്റ് പ്രസിഡൻ്റുമായ ഗസാല ഹാഷ്മി, സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടുള്ള ജയരാമൻ്റെ അർപ്പണബോധത്തെ പ്രത്യേകം പ്രശംസിച്ചു. പ്രാദേശിക സമൂഹങ്ങളെ പ്രതിനിധീകരിക്കാനും അവരെ വിവരങ്ങൾ അറിയിക്കാനും അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് അവർ നന്ദി പറയുകയും ചെയ്തു.

വിർജീനിയ നിയമസഭ ജയരാമനെ ആദരിക്കുന്നത് ഇത് ആദ്യമായല്ല. 2024 മാർച്ചിലും അദ്ദേഹത്തിൻ്റെ മാധ്യമപ്രവർത്തനത്തെയും വിദേശനയ ചർച്ചകളിലെ സംഭാവനകളെയും മുൻനിർത്തി സെനറ്റ് പ്രമേയം പാസാക്കിയിരുന്നു.

സൗത്ത് ഏഷ്യൻ ഹെറാൾഡ് സ്ഥാപിക്കുന്നതിന് മുമ്പ് ജയരാമൻ പ്രമുഖ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ഇയർബുക്കിൽ കോൺട്രിബ്യൂട്ടിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ ഇദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ‘ഇൻ്റർനാഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് യുണൈറ്റഡ് നേഷൻസ്’ എന്ന വിഷയത്തിൽ പിഎച്ച്ഡി നേടിയ അദ്ദേഹം, അതേ സർവകലാശാലയിൽ നിന്ന് ജേണലിസത്തിലും മാസ് കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ ന്യൂജേഴ്‌സിയിലെ സെറ്റൺ ഹാൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിപ്ലോമസി ആൻഡ് ഇന്റർനാഷണൽ റിലേഷൻസിൽ മറ്റൊരു ബിരുദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കി.

വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് അസോസിയേഷൻ, യുണൈറ്റഡ് നേഷൻസ് കറസ്‌പോണ്ടൻ്റ്സ് അസോസിയേഷൻ, നാഷണൽ പ്രസ് ക്ലബ്, സൗത്ത് ഏഷ്യൻ ജേണലിസ്റ്റ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ സംഘടനകളിൽ അദ്ദേഹം അംഗമാണ്.

 ‘ന്യൂസ് ഇന്ത്യ ടൈംസ്’ വാഷിംഗ്ടൺ ബ്യൂറോ ചീഫായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ട്രിബ്യൂൺ തുടങ്ങിയ പ്രമുഖ പത്രങ്ങളിൽ പ്രവർത്തിച്ച പരിചയവും ഇദ്ദേഹത്തിനുണ്ട്. അന്താരാഷ്ട്ര വാർത്തകൾ, ഐക്യരാഷ്ട്രസഭ, വൈറ്റ് ഹൗസ് റിപ്പോർട്ടിംഗ് എന്നിവയിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Voice of the South Asian community; Virginia Senate honors Indian-American journalist Vishnudatta Jayaraman

More Stories from this section

family-dental
witywide