ഗ്രീൻ കാർഡ് കാത്തിരിപ്പും വിസ സ്റ്റാമ്പിംഗ് ദുരിതവും: യു.എസ് വിട്ട് ദുബായിലേക്ക് ചേക്കേറാൻ ഇന്ത്യൻ ദമ്പതികൾ

ന്യൂയോർക്ക്: ഗ്രീൻ കാർഡിനായി ദശകങ്ങൾ നീളുന്ന കാത്തിരിപ്പും വിസ സ്റ്റാമ്പിംഗിലെ കടുത്ത പ്രതിസന്ധിയും മൂലം അമേരിക്കയിലെ മികച്ച ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് മാറാൻ ഒരുങ്ങി ഇന്ത്യൻ ദമ്പതികൾ. പത്ത് വർഷത്തിലേറെയായി യുഎസിൽ ഐടി വിദഗ്ധനായി ജോലി ചെയ്യുന്ന യുവാവും ഈസ്റ്റ് കോസ്റ്റിലെ പ്രമുഖ ആശുപത്രിയിലെ ഹൃദയരോഗ വിദഗ്ധയുമായ ഭാര്യയുമാണ് അമേരിക്കൻ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇമിഗ്രേഷൻ അനലിസ്റ്റായ സാം പീക്കാണ് ഈ ദമ്പതികളുടെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

രാജ്യത്തിന് അത്യന്താപേക്ഷിതമായ സേവനം നൽകുന്നവർക്ക് ലഭിക്കുന്ന ‘നാഷണൽ ഇൻ്ററസ്റ്റ് വെയ്‌വർ’ (NIW) ഗ്രീൻ കാർഡ് വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യതയുള്ളവരാണ് ഇരുവരും. എന്നിട്ടും നിലവിലെ നിയമക്കുരുക്കുകൾ കാരണം ഇവർക്ക് ഗ്രീൻ കാർഡ് ലഭിക്കാൻ ഇനിയും ദശകങ്ങൾ കാത്തിരിക്കണം. എച്ച്-1ബി വിസയിലെ സ്റ്റാമ്പിംഗ് പ്രതിസന്ധിയാണ് ഇവരെ ഈ തീരുമാനത്തിലേക്ക് നയിച്ച പ്രധാന ഘടകം. പാസ്‌പോർട്ടിലെ വിസ സ്റ്റാമ്പിൻ്റെ കാലാവധി കഴിഞ്ഞാൽ നാട്ടിൽ പോയി പുതിയ സ്റ്റാമ്പിംഗ് നടത്തിയാൽ മാത്രമേ യുഎസിലേക്ക് മടങ്ങാൻ കഴിയൂ. എന്നാൽ ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ സ്റ്റാമ്പിംഗിനായി 2027 വരെ അപ്പോയിൻ്റ്മെൻ്റുകൾ ലഭ്യമല്ല. അതിനാൽ, കഴിഞ്ഞ മൂന്ന് വർഷമായി തൻ്റെ കുടുംബത്തെ കാണാനോ നാട്ടിലേക്ക് പോകാനോ സാധിച്ചിട്ടില്ലെന്ന് ഡോക്ടറായ യുവതി പറയുന്നു.

“ഞങ്ങൾ അമേരിക്കൻ മൂല്യങ്ങളെ സ്നേഹിക്കുന്നു, പക്ഷേ ഞങ്ങളുടെ ജീവിതവും കുടുംബത്തെ കാണാനുള്ള അവകാശവും ഇനിയും പത്ത് വർഷത്തേക്ക് മാറ്റിവെക്കാൻ കഴിയില്ല. അത്യാവശ്യക്കാരാണെന്ന് പറയപ്പെടുമ്പോഴും താൽക്കാലികക്കാരായി പരിഗണിക്കപ്പെടുന്നത് മടുപ്പുണ്ടാക്കുന്നു,” ദമ്പതികൾ പറയുന്നു.

എച്ച്-1ബി വിസക്കാർക്ക് യുഎസിന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ പാസ്‌പോർട്ടിൽ സാധുവായ സ്റ്റാമ്പ് ആവശ്യമാണ്. വിസ നീട്ടിക്കിട്ടിയാലും സ്റ്റാമ്പിംഗിനായി സ്വന്തം നാട്ടിലെ കോൺസുലേറ്റുകളെ തന്നെ ആശ്രയിക്കണം. 2025 അവസാനത്തോടെ ഇന്ത്യയിലെ കോൺസുലേറ്റുകളിൽ അനുഭവപ്പെടുന്ന അമിതമായ തിരക്കും അപ്പോയിൻ്റ്മെൻ്റുകളുടെ ദൗർലഭ്യവുമാണ് ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ അമേരിക്കയിൽ കുടുക്കിയിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മെച്ചപ്പെട്ട ജീവിതസാഹചര്യവും യാത്രാ സൗകര്യവുമുള്ള ദുബായ് പോലുള്ള നഗരങ്ങളിലേക്ക് മാറാൻ പ്രവാസി ഇന്ത്യക്കാർ ആലോചിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Waiting for green card and visa stamping hassle: Indian couple leaves US to move to Dubai

More Stories from this section

family-dental
witywide