മിഡിൽ ഈസ്റ്റിൽ യുദ്ധകാഹളം: 3,500 യുഎസ് സൈനികർ കൂടി ഇറാൻ അതിർത്തിയിലേക്ക്; പ്രത്യാക്രമണത്തിന് അത്യാധുനിക യുദ്ധക്കപ്പലുകളുമായി അമേരിക്ക

വാഷിംഗ്ടൺ/ദുബായ്: ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നതിനിടെ മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ച് യുഎസ്. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിൽ എത്തിയ 2,500 മറീനുകൾ ഉൾപ്പെടെ ആകെ 3,500 സൈനികരാണ് ശനിയാഴ്ച മേഖലയിൽ എത്തിയത്. ഇതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, ഓസ്‌പ്രേ വിമാനങ്ങൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ‘ബിഗ് ഡെക്ക്’ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ട്രിപ്പോളി ജപ്പാനിൽ നിന്നാണ് എത്തിയത്. ഇതിന് പിന്നാലെ യുഎസ്എസ് ബോക്സർ ഉൾപ്പെടെയുള്ള കൂടുതൽ കപ്പലുകൾ സാൻ ഡീഗോയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ഇറാനെതിരെ ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി ഇതുവരെ 11,000 ലക്ഷ്യസ്ഥാനങ്ങൾ അമേരിക്ക തകർത്തെന്ന് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. അതിനിടെ, ഇക്കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 10 യുഎസ് സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതരും യുദ്ധത്തിൽ പങ്കുചേരുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇസ്രായേലിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇത് ആഗോള കപ്പൽ ഗതാഗതത്തെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നിയന്ത്രണവും ചെങ്കടലിലെ സംഘർഷവും ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായി. ലോക വ്യാപാരത്തിൻ്റെ 12 ശതമാനത്തോളം കടന്നുപോകുന്ന ബാബ് എൽ-മന്ദേബ് കടലിടുക്ക് വഴിയുള്ള ഗതാഗതവും നിലവിൽ ഭീഷണിയിലാണ്.

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഏപ്രിൽ 6 വരെയാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാന് സമയം നൽകിയിരിക്കുന്നത്. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളിക്കളഞ്ഞിരുന്നു. ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. നിലവിൽ കരസേനയുടെ സഹായമില്ലാതെ തന്നെ ലക്ഷ്യം കാണാൻ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയെങ്കിലും, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

War cries in the Middle East: 3,500 more US troops to the Iranian border

More Stories from this section

family-dental
witywide