
ഇറാൻ: ഇറാനെതിരെ അമേരക്കയും ഇസ്രയേലും ചേർന്ന് നടത്തുന് ആക്രമണം 12-ാം ദിവസത്തിലേക്ക് കടന്നതോടെ മേഖലയിലുടനീളം പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
ബുധനാഴ്ച പുലർച്ചെ ടെഹ്‌റാനിൽ പുതിയ ആക്രമണ പരമ്പര ആരംഭിച്ചതായി ഇസ്രായേൽ അറിയിച്ചു. ടെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങൾ നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ വ്യോമാക്രമണത്തോട് പ്രതികരിക്കുന്നതായി ഇറാനിയൻ റെഡ് ക്രസൻ്റ് അറിയിച്ചു.
ഇറാനിൽ നിന്നുള്ള മിസൈൽ വിക്ഷേപണ മുന്നറിയിപ്പിന് പിന്നാലെ ബുധനാഴ്ച രാവിലെ മധ്യ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് നേരത്തെ അവകാശപ്പെട്ടിരുന്നു.
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിൽ രണ്ട് ഡ്രോണുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദിയുടെ എണ്ണ-വാതക വ്യവസായത്തിന്റെ കേന്ദ്രമാണിവിടം. കൂടാതെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ വന്ന ആറ് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ നേരിടുകയാണെന്നും താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎഇ തീരത്ത് ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായിട്ടുമുണ്ട്.
രാജ്യത്ത് സൈറണുകൾ മുഴങ്ങിയതായും താമസക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ബുധനാഴ്ച രാവിലെ എട്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു.
അതിനിടെ, ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള യുഎസ് സൈനിക-നയതന്ത്ര കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമുള്ള യുഎസ് നയതന്ത്ര കേന്ദ്രത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം ഉണ്ടായെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
War enters 12th day; Israel says new series of attacks have begun in Iran, explosion near Tehran’s Mehrabad International Airport















