
ന്യൂയോർക്ക്: ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. എണ്ണ വിതരണ ശൃംഖലയിലുണ്ടായ തടസ്സത്തെത്തുടർന്ന് വെള്ളിയാഴ്ച മാത്രം അമേരിക്കൻ ക്രൂഡ് ഓയിൽ (WTI) വിലയിൽ 12 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.
വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ ബാരലിന് 90.90 ഡോളറിലെത്തി. ഒറ്റ ദിവസം കൊണ്ട് 9.89 ഡോളറാണ് വർദ്ധിച്ചത്. രാജ്യാന്തര വിപണിയിലെ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 8.52 ശതമാനം വർദ്ധിച്ച് ബാരലിന് 92.69 ഡോളറിലും എത്തി നിൽക്കുന്നു.
കോവിഡിന് ശേഷമുള്ള റെക്കോർഡ് വർദ്ധനവ്
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് വിലയിൽ 35.63 ശതമാനവും ബ്രെൻ്റ് ക്രൂഡിൽ 27 ശതമാനവും വർദ്ധനവാണുണ്ടായത്. 2020-ലെ കോവിഡ് വ്യാപനത്തിന് ശേഷം എണ്ണവിലയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിവാര വർദ്ധനവാണിത്. മധ്യേഷ്യയിൽ നിന്നുള്ള എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ ലോകമെമ്പാടുമുള്ള റിഫൈനറികൾ മറ്റ് വിപണികളിൽ നിന്ന് എണ്ണ വാങ്ങാൻ മത്സരിക്കുന്നതാണ് വില ഇത്രയധികം ഉയരാൻ കാരണം. യുദ്ധം നീണ്ടുനിൽക്കുന്നത് വരും ദിവസങ്ങളിലും ഇന്ധനവിലയെയും ലോക സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ആഗോളതലത്തിൽ എണ്ണക്കടത്തിന് ഉപയോഗിക്കുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടത് വിതരണത്തെ സാരമായി ബാധിച്ചു. ഈ സാഹചര്യം തുടർന്നാൽ എണ്ണവില ബാരലിന് 100 ഡോളറിനും മുകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
War enters eighth day; Oil prices surge in global market, US crude up 12 percent, could oil prices exceed $100 per barrel if war continues?













