
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അയൽരാജ്യങ്ങൾക്ക് ഉറപ്പുനൽകി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. ഇറാൻ്റെ മണ്ണിലേക്ക് ആക്രമണം ഉണ്ടാകാത്ത പക്ഷം അയൽരാജ്യങ്ങളെ ഇനി ലക്ഷ്യം വെക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അയൽരാജ്യങ്ങളിലുണ്ടായ ഇറാൻ ആക്രമണങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച ഇടക്കാല നേതൃസമിതി ആണ് അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന നിർണായക തീരുമാനം അംഗീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലടക്കം നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മസൂദ് പെസെഷ്കിയാൻ പരസ്യമായി മാപ്പ് പറഞ്ഞു. സേനയ്ക്കുള്ളിലെ ആശയവിനിമയത്തിലുണ്ടായ പിഴവുകൾ കാരണമാണ് അയൽരാജ്യങ്ങൾ ലക്ഷ്യമിടപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു രാജ്യത്തുനിന്നോ ആ രാജ്യത്തെ സൈനിക താവളങ്ങളിൽ നിന്നോ ഇറാനെതിരെ ആക്രമണം ഉണ്ടായാൽ മാത്രമേ ഇനി തിരിച്ചടി ഉണ്ടാവുകയുള്ളൂ എന്ന് പ്രസിഡൻ്റ് വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ ഇറാൻ അയൽരാജ്യങ്ങളായ സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മിസൈലുകൾ തൊടുത്തിരുന്നു. മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ആദ്യ ചുവടുവെപ്പായാണ് ഇറാൻ്റെ ഈ പുതിയ പ്രഖ്യാപനത്തെ ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.
Iran’s president says neighbouring countries will no longer be targeted












