
ദോഹ: ഇസ്രായേൽ-ഇറാൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇറാൻ തൊടുത്തുവിട്ട അഞ്ച് മിസൈലുകളിൽ നാലെണ്ണം ഖത്തർ പ്രതിരോധ സംവിധാനം വഴി തകർത്തെങ്കിലും അഞ്ചാമത്തേത് റാസ് ലഫാനിൽ പതിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ പ്ലാൻ്റിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
റാസ് ലഫാൻ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമാണിത്. മുൻപുണ്ടായ ഒരാക്രമണത്തിൽ പ്ലാൻ്റിൻ്റെ ചില ഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ബുധനാഴ്ചത്തെ ആക്രമണത്തിന് മറുപടിയായി, ഖത്തറിലെ ഇറാനിയൻ എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരെയും ആ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരെയും ‘പേഴ്സണ നോൺ ഗ്രേറ്റ’ (Persona non grata) ആയി പ്രഖ്യാപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇവരെ ഉടൻ രാജ്യത്തുനിന്ന് പുറത്താക്കും.
ലോകത്തെ പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന അതീവ സുപ്രധാന കേന്ദ്രമാണ് റാസ് ലഫാൻ. ഇറാനും ഖത്തറും സംയുക്തമായി ഉപയോഗിക്കുന്ന ‘സൗത്ത് പാഴ്സ്’ ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ഈ നടപടി സ്വീകരിച്ചത്.
യുഎഇയിലും കുവൈത്തിലും മിസൈൽ വേട്ട
ഖത്തറിന് പുറമെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും ആക്രമണശ്രമങ്ങളുണ്ടായി. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാൻ്റിന് നേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധ സംവിധാനം വഴി വിജയകരമായി തടഞ്ഞു. ഇതിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഹബ്ഷാൻ പ്ലാൻ്റിലെയും ബാബ് ഓയിൽ ഫീൽഡിലെയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. രണ്ട് സ്ഥലങ്ങളിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
കുവൈത്തിന് നേരെ വന്ന നാല് ബാലിസ്റ്റിക് മിസൈലുകളും 20 ഡ്രോണുകളും സൈന്യം തകർത്തു. മറ്റ് മൂന്ന് ഡ്രോണുകൾ ജനവാസമില്ലാത്ത മേഖലകളിൽ വീണതായും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുവൈത്ത് സൈന്യം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആഗോള വിപണിയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
War-like situation in the Gulf region: Iran’s missile attack on Qatar’s LNG terminal; Qatar expels embassy officials















