
വാഷിംഗ്ടൺ: കുറച്ച് മുൻപ് പുറത്തുവന്ന വീഡിയോകൾ പ്രകാരം, കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് സമീപം ഒരു യുദ്ധവിമാനം തകർന്നു വീണു. വിമാനം ആകാശത്തുനിന്ന് തീപിടിച്ച് കറങ്ങി താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സിഎൻഎൻ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ യുഎസ് ‘അലി അൽ സലേം’ ബേസിന് ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലാണ് വിമാനം വീണതെന്ന് കരുതപ്പെടുന്നു.
ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു എഫ്-15 വിമാനം പിൻഭാഗത്ത് തീപിടിച്ച് സാവധാനം താഴേക്ക് പതിക്കുന്നത് കാണാം. ഇത് അമേരിക്കയുടേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. കുവൈറ്റിന് മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം കുവൈറ്റിലെ അമേരിക്കൻ എംബസിയിൽ നിന്ന് പുക ഉയരുന്നതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
വിമാനം തകർന്ന വാർത്ത അമേരിക്കയോ ഇസ്രായേലോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡിൽ (CENTCOM) നിന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കുവൈറ്റ് വ്യോമസേനയും എഫ്/എ-18 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വിമാനം തകർന്നത് അബദ്ധത്തിൽ സ്വന്തം സേനയുടെ വെടിയേറ്റ് ആയിരിക്കാം എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
Warplane crashes over Kuwait; Iran says it was American and that they shot it down, US says without confirming














