
ഫ്ളോറിഡ: ഞായറാഴ്ച ഫ്ലോറിഡയിൽ അനുഭവപ്പെട്ട കഠിനമായ തണുപ്പിനെത്തുടർന്ന് ഓർലാൻഡോ ഇന്റർനാഷണൽ എയർപോർട്ടിലെ വിമാനങ്ങൾ റദ്ദാക്കിയ സംഭവം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇരുന്നൂറിലേറെ വിമാനങ്ങൾ വൈകാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കാരണമായ സംഭവത്തിൽ എയർ ട്രാഫിക് കൺട്രോൾ ടവറിൽ തീപിടുത്തമുണ്ടായെന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. എന്നാൽ എയർ ട്രാഫിക് കൺട്രോൾ ടവറിൽ യഥാർത്ഥത്തിൽ തീപിടുത്തമുണ്ടായിട്ടില്ല. കഠിനമായ തണുപ്പ് കാരണം ടവറിലെ ഫയർ സ്പ്രിംഗ്ലർ സിസ്റ്റത്തിലെ ഒരു സ്പ്രിംഗ്ലർ ഹെഡ് തനിയെ പ്രവർത്തിച്ചതാണ് അടിയന്തര സാഹചര്യമുണ്ടാക്കിയത്.
സ്പ്രിംഗ്ലർ പ്രവർത്തിച്ചതോടെ സിസ്റ്റത്തിൽ വെള്ളം ഒഴുകാൻ തുടങ്ങുകയും ഓട്ടോമാറ്റിക് ഫയർ അലാറം മുഴങ്ങുകയും ചെയ്തു. സുരക്ഷ മുൻനിർത്തി അധികൃതർ ഉടൻ തന്നെ ടവർ ഒഴിപ്പിച്ചു. ടവർ ഒഴിപ്പിച്ചതോടെ വിമാനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ കഴിയാതെ വരികയും, വിമാനങ്ങൾ പറന്നുയരുന്നത് താൽക്കാലികമായി തടയുകയും ചെയ്തു. ഈ അപ്രതീക്ഷിത തടസ്സം കാരണം ഏകദേശം 213 വിമാന സർവീസുകൾ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തു.
പരിശോധനയിൽ തീപിടുത്തമില്ലെന്നും തണുപ്പ് കാരണം സ്പ്രിംഗ്ലർ പ്രവർത്തിച്ചതാണെന്നും സ്ഥിരീകരിച്ചതോടെ വൈകുന്നേരം 4:15-ഓടെ ഗ്രൗണ്ട് സ്റ്റോപ്പ് പിൻവലിക്കുകയും സർവീസുകൾ സാധാരണ നിലയിലാകുകയും ചെയ്തു.
ഞായറാഴ്ച ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് പലയിടങ്ങളിലും രേഖപ്പെടുത്തിയത്. ഡേറ്റോണ ബീച്ച്, ലീസ്‌ബർഗ്, സാൻഫോർഡ്, ഓർലാൻഡോ തുടങ്ങി നിരവധി നഗരങ്ങളിൽ ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി. ഓർലാൻഡോയിൽ താപനില 24 ഡിഗ്രി ഫാരൻഹീറ്റിലേക്ക് (-4.44°C) താഴ്ന്നു.
ശക്തമായ തണുപ്പിനെത്തുടർന്ന് ഈസ്റ്റ് സെൻട്രൽ ഫ്ലോറിഡയിലെ എല്ലാ കൗണ്ടികളിലും നാഷണൽ വെതർ സർവീസ് (NWS) അതിശൈത്യ മുന്നറിയിപ്പ് നൽകിയിരുന്നു. വൊളൂഷ്യ, ലേക്ക്, സെമിനോൾ തുടങ്ങി വിവിധ കൗണ്ടികളിൽ താപനില 14-20 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്നും അപകടകരമായ രീതിയിൽ തണുത്ത കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Was there a fire at the air traffic control tower at Orlando International Airport? This is the real reason why more than 200 flights were cancelled.













