
വാഷിംഗ്ടൺ: മിനസോട്ടയിൽ മാസങ്ങളായി തുടരുന്ന കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ, ഫെഡറൽ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് ബോർഡർ ചീഫ് ടോം ഹോമൻ. പ്രതിഷേധങ്ങൾക്കിടെ ഇനി ഒരു രക്തച്ചൊരിച്ചിൽ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നതിനോ അവരെ ആക്രമിക്കുന്നതിനോ ‘സീറോ ടോളറൻസ്’ നയമായിരിക്കും സ്വീകരിക്കുകയെന്ന് ഹോമൻ ഊന്നിപ്പറഞ്ഞു.
“ഫെഡറൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ, എതിർക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിങ്ങൾ ആ പരിധി ലംഘിച്ച് ഒരു ഐ.സി.ഇ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്താൽ അത് വെച്ചുപൊറുപ്പിക്കില്ല,” അദ്ദേഹം പറഞ്ഞു. മുൻപ് നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ ‘ദാരുണമായ പ്രത്യാഘാതങ്ങൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫെഡറൽ നിയമങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ട വഴി ഇതല്ലെന്നും, നിയമങ്ങളിൽ മാറ്റം വരുത്താൻ കോൺഗ്രസ് അംഗങ്ങളുമായാണ് സംസാരിക്കേണ്ടതെന്നും ഹോമൻ ഓർമ്മിപ്പിച്ചു.
ഇത്തരം തെറ്റായതും നിരുത്തരവാദപരവുമായ പെരുമാറ്റങ്ങൾ ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന സംശയത്തിൽ ഇതിനോടകം 200-ലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിനസോട്ടയിലെ സൈനിക നടപടികൾ പിൻവലിക്കുമ്പോഴും, ക്രമസമാധാനം തകർക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന സൂചനയാണ് ഹോമൻ നൽകുന്നത്.















