‘അമേരിക്കൻ സൈന്യത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കരയിലുള്ള അവരെ വധിക്കാൻ എളുപ്പമാണ്’: പരിഹസിച്ച് ഇറാനിയൻ പണ്ഡിതൻ

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ അയക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പരിഹസിച്ച് ഇറാനിയൻ പണ്ഡിതനായ ഫുആദ് ഇസാദി. അമേരിക്കൻ സൈന്യം ഇറാനിലെത്തുന്നത് തങ്ങളുടെ സൈനിക കമാൻഡർമാർ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഇറാനിയൻ ജനറൽമാർ ഇതിനെ സ്വാഗതം ചെയ്യും. കാരണം ആകാശത്തുകൂടി പറക്കുന്ന എഫ്-35 വിമാനങ്ങളെ ആക്രമിക്കുന്നതിനേക്കാൾ എളുപ്പമാണ് നിലത്തുള്ള സൈനികരെ നേരിടുന്നത്. അതുകൊണ്ട് തന്നെ ധാരാളം അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് നിങ്ങൾക്ക് കാണേണ്ടി വരും,” ഇസാദി പറഞ്ഞു. മിസൈൽ ആക്രമണങ്ങൾ നടത്തുന്നത് എളുപ്പമാണെന്നും എന്നാൽ നേരിട്ടുള്ള കരയുദ്ധം നേരിടാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ നിന്നുള്ള എലൈറ്റ് 82-ാം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ പെൻ്റഗൺ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഇസാദിയുടെ പരാമർശം.

സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും ഇറാൻ അതിൽ വിശ്വാസമർപ്പിക്കുന്നില്ല. ചർച്ചകളെക്കുറിച്ചുള്ള വാഗ്ദാനങ്ങൾക്ക് പിന്നാലെ ആക്രമണങ്ങളാണ് ഉണ്ടാകുന്നതെന്ന് ഇസാദി കുറ്റപ്പെടുത്തി. “സംസാരത്തിന് ശേഷം ട്രംപ് പലതവണ ആക്രമണം നടത്തി. ഇത്തരം വാചകക്കസർത്തുകളിൽ ആരും വീഴില്ല. ചർച്ചകൾക്കിടയിൽ തന്നെ രണ്ടുതവണ ഇറാൻ ആക്രമിക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വെക്കുന്നത്:

  1. സിവിലിയന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം നിർത്തുക.
  2. ഇത്തരം ആക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുക.
  3. യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് അമേരിക്കയും ഇസ്രായേലും നഷ്ടപരിഹാരം നൽകുക- ഇതാണ് ഇറാൻ്റെ പ്രധാന ആവശ്യങ്ങൾ

പാകിസ്ഥാൻ പ്രധാനമന്ത്രി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത് നയതന്ത്ര മേഖലയിൽ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇറാൻ ഇതിനെ സംശയത്തോടെയാണ് കാണുന്നത്. അമേരിക്കയുമായി ‘ഫലപ്രദമായ’ ചർച്ചകൾ നടന്നെന്ന ട്രംപിൻ്റെ അവകാശവാദം ഇറാൻ തള്ളിക്കളഞ്ഞു. ഇത് ‘വ്യാജവാർത്ത’ ആണെന്നാണ് ടെഹ്‌റാൻ്റെ നിലപാട്.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീ ഈടാക്കി നഷ്ടം നികത്താൻ ഇറാൻ ആലോചിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇറാൻ ഉപയോഗിക്കുന്ന ആയുധങ്ങളെല്ലാം 1979-ലെ വിപ്ലവത്തിന് ശേഷം സ്വന്തമായി വികസിപ്പിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ സ്വാധീനത്തിലാണെന്നും ഈ യുദ്ധം പരാജയപ്പെടുമെന്ന് തിരിച്ചറിയുമ്പോൾ ട്രംപ് വിജയം പ്രഖ്യാപിച്ച് ഗ്രീൻലൻഡോ കാനഡയോ കീഴടക്കാൻ പോകുമെന്നും അദ്ദേഹം പരിഹസിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ മരണസംഖ്യ 1,500 കടന്നു. ഇസ്രായേലിൽ 16 പേരും, 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാനിലെ പവർ സ്റ്റേഷനുകൾ ബോംബിടുമെന്ന ഭീഷണിയിൽ നിന്ന് ട്രംപ് താൽക്കാലികമായി പിന്മാറിയിട്ടുണ്ടെങ്കിലും കരസേനാ നീക്കം ഇറാൻ ഗൗരവത്തോടെയാണ് കാണുന്നത്.

‘We welcome the American military, it’s easy to kill them on land’: Iranian scholar mocks

More Stories from this section

family-dental
witywide