
മിനിയാപൊളിസ്/പോർട്ട്‌ലൻഡ്: അമേരിക്കയിലെ മിനിയാപൊളിസിൽ റെനി ഗുഡ് എന്ന യുവതി ഐസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടതും, പോർട്ട്‌ലൻഡിൽ രണ്ട് പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായതും രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മിനിയാപൊളിസിൽ സമാധാനം പാലിക്കണമെന്ന് ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും ജനങ്ങളോട് അഭ്യർത്ഥിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ റെനി നിക്കോൾ ഗുഡ് (37) ബുധനാഴ്ചയാണ് മിനിയാപൊളിസിൽ കൊല്ലപ്പെട്ടത്.
ഐസ് ഏജന്‍റ് ജോനാഥൻ റോസ് ആണ് വെടിയുതിർത്തത്. റെനി തന്‍റെ വാഹനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ഫെഡറൽ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ റെനി ഒരു ‘ലീഗൽ ഒബ്സർവർ’ ആയി പ്രവർത്തിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു. ഓറിഗണിലെ പോർട്ട്‌ലൻഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് സിബിപി ഏജന്‍റുമാർ രണ്ട് വെനസ്വേലൻ പൗരന്മാരെ വെടിവെച്ചു പരിക്കേൽപ്പിച്ചു. ലൂയിസ് ഡേവിഡ് നിക്കോ മോൺകാഡ, യോർലെനിസ് സാംബ്രാനോ-കോൺട്രേരാസ് എന്നിവർക്കാണ് വെടിയേറ്റത്. ഇവർക്ക് വെനസ്വേലൻ ഗ്യാങ്ങുകളുമായി ബന്ധമുണ്ടെന്നാണ് ഡിഎച്ച്എസ് ആരോപിക്കുന്നത്.
മിനിയാപൊളിസിൽ ശനിയാഴ്ച നടന്ന മാർച്ചിൽ ഐസ് ഔട്ട് എന്ന മുദ്രാവാക്യം മുഴക്കി ആയിരങ്ങൾ പങ്കെടുത്തു. വെള്ളിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തിനിടെ പോലീസിന് നേരെ കല്ലേറും മഞ്ഞുക്കട്ടകൾ എറിയുന്ന സംഭവങ്ങളും ഉണ്ടായതിനെത്തുടർന്ന് 29 പേരെ കസ്റ്റഡിയിലെടുത്തു. പ്രസിഡന്‍റ് ട്രംപ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അതിൽ വീഴരുതെന്നും മേയർ ജേക്കബ് ഫ്രേ പറഞ്ഞു. ഗവർണർ ടിം വാൾസ് മിനസോട്ട നാഷണൽ ഗാർഡിനെ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട റെനി ഗുഡ് ഒരു “ആഭ്യന്തര ഭീകരവാദി” ആണെന്നാണ് വൈറ്റ് ഹൗസ് വക്താക്കൾ ആരോപിക്കുന്നത്.













