പശ്ചിമേഷ്യൻ സംഘർഷം: യാത്രാ തടസ്സങ്ങൾക്കും ആക്രമണങ്ങൾക്കും സാധ്യത; അമേരിക്കക്കാർക്ക് ആഗോളതലത്തിൽ മുന്നറിയിപ്പ്

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാർക്കായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുതുക്കിയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എക്സിലൂടെ നൽകിയ അറിയിപ്പിൽ, “ലോകമെമ്പാടുമുള്ള പൗരന്മാർ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്” വകുപ്പ് ആവശ്യപ്പെടുന്നു.

“വ്യോമപാതകൾ ഇടയ്ക്കിടെ അടച്ചിടുന്നത് യാത്രകളെ തടസ്സപ്പെടുത്തിയേക്കാം. മിഡിൽ ഈസ്റ്റിന് പുറത്തുള്ളവ ഉൾപ്പെടെയുള്ള യുഎസ് നയതന്ത്ര കാര്യാലയങ്ങൾ ലക്ഷ്യം വെക്കപ്പെടുന്നുണ്ട്,” എന്നും അറിയിപ്പിൽ പറയുന്നു.

“ഇറാൻ അനുകൂല ഗ്രൂപ്പുകൾ വിദേശത്തുള്ള മറ്റ് യുഎസ് താല്പര്യങ്ങളെയോ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കയുമായും പൗരന്മാരുമായും ബന്ധപ്പെട്ട സ്ഥലങ്ങളെയോ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ട്,” എന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി.

ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തോടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയത്. ഇറാൻ്റെ ആണവ പദ്ധതികളും മിസൈൽ ശേഷിയും തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു മറുപടിയായി ഇസ്രായേലിലെയും അയൽരാജ്യങ്ങളിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. നിലവിൽ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ടിരിക്കുന്നത് ആഗോള എണ്ണ വിതരണത്തെയും വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സംഘർഷം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭീഷണികൾ തുടരുകയാണ്.

West Asian conflict: Travel disruptions and attacks possible; Americans warned globally

More Stories from this section

family-dental
witywide