ഭരണസ്തംഭനം ഉണ്ടായാൽ പോലും അമേരിക്കയിൽ കുടിയേറ്റ വേട്ട തുടരും; ഇത്തവണ ശമ്പള പ്രതിസന്ധിയുണ്ടാകില്ല, ഐസിഇ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കയിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോഴും, കുടിയേറ്റ വിരുദ്ധ ഏജൻസികളായ ഐസിഇ, സിബിപി എന്നിവയുടെ പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെന്ന് റിപ്പോർട്ടുകൾ. ഭരണസ്തംഭനം ഉണ്ടായാൽ പോലും ഈ ഏജൻസികളിലെ ഭൂരിഭാഗം ജീവനക്കാരും ജോലിയിൽ തുടരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡിഎച്ച്എസിന് കീഴിലുള്ള 2,72,000 ജീവനക്കാരിൽ 90 ശതമാനത്തിലധികം പേരും അവശ്യവിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ സ്തംഭനമുണ്ടായാലും ജോലിയിൽ തുടരും. ഐസിഇ, സിബിപി വിഭാഗങ്ങളിലെ 93% ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും.

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം പാസാക്കിയ ഈ നിയമം വഴി കുടിയേറ്റ നിയന്ത്രണത്തിനായി വൻതോതിൽ ഫണ്ട് നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ 75 ബില്യൺ ഡോളർ ഐ.സി.ഇ-ക്കും 64 ബില്യൺ ഡോളർ സി.ബി.പി-ക്കും മാത്രമായി മാറ്റിവെച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന് ആവശ്യാനുസരണം ഫണ്ട് വകമാറ്റി ഉപയോഗിക്കാനുള്ള വിപുലമായ അധികാരം ഈ നിയമം നൽകുന്നുണ്ട്. അതിനാൽ ഫണ്ട് പ്രതിസന്ധി നാടുകടത്തൽ നടപടികളെ തടസ്സപ്പെടുത്തില്ല.

ഏകദേശം 70,000 നിയമപാലകർക്ക് ഭരണസ്തംഭനത്തിനിടയിലും മുടക്കമില്ലാതെ ശമ്പളം ലഭിക്കുമെന്ന് ക്രിസ്റ്റി നോം നേരത്തെ വ്യക്തമാക്കിയിരുന്നു. ചുരുക്കത്തിൽ, ഡെമോക്രാറ്റുകൾ ഫണ്ട് തടഞ്ഞുകൊണ്ട് ഐ.സി.ഇ-യുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താൻ ശ്രമിച്ചാലും നിലവിലുള്ള നിയമങ്ങൾ ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകാൻ കരുത്ത് നൽകുന്നു.

More Stories from this section

family-dental
witywide