
വാഷിംഗ്ടൺ: അടുത്തു വരുന്ന ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, വോട്ട് ചെയ്യുന്നതിന് പൗരത്വ തെളിവ് നിർബന്ധമാക്കുന്ന നിയമനിർമ്മാണം യുഎസ് പ്രതിനിധി സഭ ഈ ആഴ്ച പാസാക്കി. ‘സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി’ അഥവാ സേവ് അമേരിക്ക ആക്റ്റ് (SAVE America Act) പ്രകാരം, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പാസ്‌പോർട്ടോ ജനന സർട്ടിഫിക്കറ്റോ പോലുള്ള സാധുവായ രേഖകൾ ഹാജരാക്കേണ്ടത് നിർബന്ധമാണ്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് സർക്കാർ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കണം. വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി കടന്നുകൂടിയ പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് ഇത് നിർദ്ദേശം നൽകുന്നു. മാത്രമല്ല, പൗരത്വ രേഖകൾ കൃത്യമായി പരിശോധിക്കാതെ വോട്ടർമാരെ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു
അതേസമയം, വിവാഹശേഷം പേര് മാറ്റിയവരും കൈവശം കൃത്യമായ രേഖകളില്ലാത്തവരുമായ വ്യക്തികൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾക്കിടയിൽ ഈ നിർദ്ദേശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ നിയമം അർഹരായ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുമെന്ന് ഡെമോക്രാറ്റുകൾ വാദിക്കുമ്പോൾ, വോട്ടിംഗ് ക്രമക്കേടുകൾ തടയാൻ ഇത് അത്യാവശ്യമാണെന്നാണ് റിപ്പബ്ലിക്കൻമാരുടെ നിലപാട്.
എന്തൊക്കെയാണ് പുതിയ നിബന്ധനകൾ?
സേവ് ആക്ട് പ്രകാരം അമേരിക്കക്കാർ വോട്ട് രജിസ്റ്റർ ചെയ്യുമ്പോൾ തങ്ങൾ യുഎസ് പൗരന്മാരാണെന്ന് തെളിയിക്കേണ്ടതുണ്ട്. കൂടാതെ, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് സാധുവായ ഫോട്ടോ ഐഡന്റിഫിക്കേഷനും ഹാജരാക്കണം. ചില സംസ്ഥാനങ്ങളിൽ നിലവിൽ തന്നെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഫോട്ടോ ഐഡി നിർബന്ധമാണ്. ദേശീയ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ യുഎസ് പൗരന്മാരായിരിക്കണമെന്ന് ഫെഡറൽ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും, ഈ പുതിയ നിയമം വിഭാവനം ചെയ്യുന്നത് പോലെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കൽ നിലവിൽ നിർബന്ധമല്ലായിരുന്നു.
കഴിഞ്ഞ വർഷം അവതരിപ്പിക്കുകയും എന്നാൽ തടസ്സപ്പെടുകയും ചെയ്ത നിയമത്തിൻ്റെ പുതുക്കിയ പതിപ്പാണിത്. പേര് മാറ്റിയവർക്ക് അവരുടെ വ്യക്തിത്വം തെളിയിക്കുന്നതിന് അധിക രേഖകൾ സമർപ്പിക്കാനുള്ള നടപടിക്രമങ്ങളും ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.
ബ്രണ്ണൻ സെന്റർ ഫോർ ജസ്റ്റിസ്, യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സെന്റർ ഫോർ ഡെമോക്രസി ആൻഡ് സിവിക് എൻഗേജ്‌മെന്റ് എന്നിവയുടെ കണക്കനുസരിച്ച്, ഏകദേശം 2.1 കോടി അമേരിക്കക്കാരുടെ കൈവശം പൗരത്വം തെളിയിക്കുന്ന രേഖകൾ പെട്ടെന്ന് ലഭ്യമായ രീതിയിലില്ല. കൂടാതെ 26 ലക്ഷം പേർക്ക് സർക്കാർ അംഗീകരിച്ച ഫോട്ടോ ഐഡന്റിറ്റി കാർഡുകളുമില്ല. കഴിഞ്ഞ വർഷം പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേയിൽ, വോട്ടർമാർ സർക്കാർ നൽകുന്ന ഫോട്ടോ ഐഡി കാണിക്കണമെന്ന നിബന്ധനയെ 83% പേരും പിന്തുണച്ചു. ഇതിൽ 71% ഡെമോക്രാറ്റുകളും 95% റിപ്പബ്ലിക്കൻ അനുഭാവികളുമാണ്.
ട്രംപ് പറയുന്നത്
പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ നിയമത്തെ ആവർത്തിച്ച് പ്രശംസിക്കുകയും, ഇത് നിയമമാക്കുന്നതിനായി കോൺഗ്രസിൻ്റെ ഇരുസഭകളിലും പാസാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ, ബില്ലിനെ പിന്തുണയ്ക്കുമ്പോഴും, 2020-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്ന തൻ്റെ തെറ്റായ അവകാശവാദം ട്രംപ് ആവർത്തിച്ചു. സേവ് ആക്ട് വരുന്നതോടെ ഇത്തരം കാര്യങ്ങൾ തടയാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
“അമേരിക്കൻ പൗരന്മാർക്ക് മാത്രമായിരിക്കണം അമേരിക്കൻ തെരഞ്ഞെടുപ്പിലെ തീരുമാന അധികാരം,” എന്ന് വൈറ്റ് ഹൗസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ട്രംപിൻ്റെ സ്ഥിരം ആരോപണത്തെ ശരിവെക്കുന്നതായിരുന്നു ഈ കുറിപ്പ്. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ല.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ നിയമത്തെ പിന്തുണയ്ക്കുന്നുണ്ട്. വിസ്കോൺസിനിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രയാൻ സ്റ്റീൽ, ഇത് “വോട്ടർമാരെ അടിച്ചമർത്തുന്ന” നടപടിയാണെന്ന ഡെമോക്രാറ്റുകളുടെ ആരോപണത്തെ എതിർത്തു. ഈ ആരോപണങ്ങൾ തെറ്റാണെന്നും, പൗരന്മാരല്ലാത്ത കുടിയേറ്റക്കാർ വോട്ട് ചെയ്യുന്നത് തടയാൻ നിലവിലുള്ള നിയമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.
സെനറ്റിൽ ആവശ്യത്തിന് പിന്തുണയില്ലാത്തതിനാൽ ഈ ബില്ലിന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. സെനറ്റ് എപ്പോഴാണ് ഈ വിഷയത്തിൽ വോട്ട് ചെയ്യുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 213-നെതിരെ 218 വോട്ടുകൾക്കാണ് ഈ ബിൽ പാസായത്. ബിൽ പാസാക്കാൻ ആവശ്യമായ വോട്ടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഫിലിബസ്റ്റർ ചട്ടങ്ങളിൽ മാറ്റം വരുത്താൻ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർകോവ്സ്കി താൻ ഈ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചത് ബിൽ പാസാകുന്നത് കൂടുതൽ പ്രയാസകരമാക്കും.
What is the Save America Act that mandates voter ID? Concerns include those who changed their names after marriage














