വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയിൽ അനുഭവപ്പെടുന്ന ഇന്ധനവില വർദ്ധനവ് ദീർഘകാല നേട്ടത്തിനായുള്ള താൽക്കാലിക പ്രതിസന്ധി മാത്രമാണെന്ന് വൈറ്റ് ഹൗസ്. മിഡിൽ ഈസ്റ്റിലെ ഭീകര ഭരണകൂടത്തെ വേരോടെ പിഴുതെറിയുന്നതിലൂടെ ആഗോള ഊർജ്ജ വിതരണം സുഗമമാകുമെന്നും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ എന്നെന്നേക്കുമായി അവസാനിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഇറാനിലെ നിലവിലെ ഭരണകൂടത്തെ പുറത്താക്കുന്നത് ആത്യന്തികമായി എണ്ണ വ്യവസായത്തിന് ഗുണകരമാകുമെന്നും വൈകാതെ തന്നെ ഇന്ധനവില താഴേക്ക് വരുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞതായി ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് റിപ്പോർട്ട് ചെയ്തു. സാധാരണയായി പ്രതിദിനം അറുപതോളം കപ്പലുകൾ കടന്നുപോകുന്ന ഈ പാതയിലൂടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരൊറ്റ എണ്ണക്കപ്പൽ മാത്രമാണ് കടന്നുപോയത്. ഈ പ്രതിസന്ധി മറികടക്കാൻ വെനിസ്വേലയിലെ പുതിയ എണ്ണ വിപണിയെ അമേരിക്ക പ്രയോജനപ്പെടുത്തുകയാണെന്ന് ലീവിറ്റ് അറിയിച്ചു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ അവിടുത്തെ വൻ എണ്ണശേഖരം ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇറാൻ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ മിഡിൽ ഈസ്റ്റിലെ ഊർജ്ജ വിതരണ ശൃംഖല കൂടുതൽ സ്വതന്ത്രമാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സജീവമാകുന്നതോടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്ന് ഭരണകൂടം കരുതുന്നു. നിലവിലെ സാഹചര്യങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്നും ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ആഗോള വിപണിക്കും ഈ സൈനിക നീക്കം ഗുണകരമാകുമെന്നും വൈറ്റ് ഹൗസ് വക്താവ് ആവർത്തിച്ചു.














