ട്രംപിന് പക്ഷാഘാതം സംഭവിച്ചിരുന്നോ? എല്ലാം മറച്ചുവെച്ചതാണെന്ന ഡെയ്ലി ബീസ്റ്റ് റിപ്പോർട്ടിനോട് പ്രതികരിച്ച് വൈറ്റ് ഹൌസ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പക്ഷാഘാതം (stroke) സംഭവിച്ചുവെന്നും എല്ലാം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചുവെന്നുമുള്ള ഡെയ്ലി ബീസ്റ്റ് റിപ്പോർട്ടിനോട് പ്രതികരിച്ച് വൈറ്റ് ഹൌസ്. റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരം വാർത്തകൾ വെറും വ്യാജമാണെന്നും പ്രസിഡന്റ് പൂർണ്ണ ആരോഗ്യവാനാണെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.

2025-ൽ ട്രംപിന് പക്ഷാഘാതം സംഭവിച്ചിരിക്കാം എന്ന രീതിയിൽ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. ബ്രൂസ് ഡേവിഡ്‌സണെ ഉദ്ധരിച്ചാണ് ഡെയ്ലി ബീസ്റ്റ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 2025-ന്റെ തുടക്കത്തിൽ ട്രംപിന് തലച്ചോറിന്റെ ഇടതുഭാഗത്ത് പക്ഷാഘാതം സംഭവിച്ചിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രംപ് നടക്കുമ്പോൾ കാലുകൾ വേച്ചുപോകുന്നതും, പൊതുവേദികളിൽ മയങ്ങുന്നതും, വലതു കൈ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടും, വാക്കുകൾ ഉച്ചരിക്കാനുള്ള തടസ്സവും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നത്. സെപ്റ്റംബർ 11 അനുസ്മരണ ചടങ്ങിൽ ട്രംപിന്റെ മുഖത്തിന്റെ ഒരു വശം തൂങ്ങിയ നിലയിൽ കാണപ്പെട്ടതും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടി.

എന്നാൽ, ഡെയ്ലി ബീസ്റ്റിന്റെ റിപ്പോർട്ട് വെറും “വ്യാജവാർത്ത” ആണെന്നും പ്രസിഡൻ്റ് മികച്ച ആരോഗ്യവാനാണെന്നും വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. ഇവ രാഷ്ട്രീയ പ്രേരിതമായ വ്യാജവാർത്തകളാണെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കിയത്.

കൈകളിലെ ചതവുകൾ പക്ഷാഘാതവുമായി ബന്ധപ്പെട്ടതല്ലെന്നും, അത് കൂടുതൽ ആളുകളുമായി ഹസ്തദാനം ചെയ്യുന്നത് കൊണ്ടും രക്തം കട്ടപിടിക്കാതിരിക്കാൻ അദ്ദേഹം കഴിക്കുന്ന ആസ്പിരിൻ ഗുളികകൾ മൂലവുമാണെന്ന് വിശദീകരിച്ചു. മാത്രമല്ല, പ്രസിഡന്റിന്റെ ഹൃദയാരോഗ്യ പരിശോധനകൾ തികച്ചും സാധാരണമാണെന്നും പരിശോധനാ ഫലങ്ങളിൽ പക്ഷാഘാതത്തിന്റെ സൂചനകളില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ. ഷോൺ ബാർബബെല്ല വ്യക്തമാക്കി.

കാലുകളിലെ വീക്കത്തിന് കാരണമാകുന്ന ‘ക്രോണിക് വീനസ് ഇൻസഫിഷ്യൻസി’ എന്ന അവസ്ഥ ട്രംപിനുണ്ടെന്ന് വൈറ്റ് ഹൗസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ഒന്നാണെന്നും ഇതിനായി അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ഡെയ്ലി ബീസ്റ്റ് ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ചെങ്കിലും, അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.

White House responds to Daily Beast report that Trump suffered a stroke.

More Stories from this section

family-dental
witywide