
വാഷിംഗ്ടൺ/ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക യുദ്ധത്തിന് വിരാമമിടാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഈ ആഴ്ച അവസാനം പാകിസ്ഥാൻ സന്ദർശിച്ചേക്കും. യുദ്ധം അവസാനിപ്പിക്കാനുള്ള ‘ഓഫ്-റാംപ്’ ചർച്ചകൾക്കായാണ് ഈ ഉന്നതതല സന്ദർശനം ആസൂത്രണം ചെയ്യുന്നത്. വാൻസിനൊപ്പം മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാന് പുറമെ തുർക്കിയെയും ചർച്ചകൾക്കുള്ള വേദിയായി അമേരിക്ക പരിഗണിക്കുന്നുണ്ട്.
അമേരിക്ക മുന്നോട്ട് വെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാനിലെത്തിക്കുന്നതിൽ പാകിസ്ഥാൻ നിർണ്ണായകമായ ഇടനിലക്കാരനായാണ് പ്രവർത്തിക്കുന്നത്. ഇറാന്റെ ആണവ മോഹങ്ങൾക്കും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ഈ നിർദ്ദേശങ്ങൾ. എന്നാൽ സമാധാന ചർച്ചകളിൽ തനിക്ക് വിശ്വാസമുള്ള വ്യക്തി എന്ന നിലയിലാണ് ജെ.ഡി വാൻസിനെ അയക്കാൻ ട്രംപ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരോട് ചർച്ച നടത്താൻ ഇറാൻ വിസമ്മതിച്ച സാഹചര്യത്തിൽ വാൻസിന്റെ സാന്നിധ്യം ചർച്ചകൾക്ക് പുതിയ ജീവൻ നൽകുമെന്ന് കരുതപ്പെടുന്നു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവർ പാകിസ്ഥാനിലേക്ക് പോകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം, ഇറാൻ തങ്ങളുടെ നിലപാടുകളിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. അമേരിക്കയുടെ നിർദ്ദേശങ്ങൾ ‘അമിതമാണെന്ന്’ വിശേഷിപ്പിച്ച ഇറാൻ, ഉപരോധങ്ങൾ പൂർണ്ണമായും നീക്കാതെയും ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ പരമാധികാരം അംഗീകരിക്കാതെയും വെടിനിർത്തലിന് തയ്യാറല്ലെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന വാരാന്ത്യ ചർച്ചകൾ യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ അതീവ നിർണ്ണായകമാകും.













