‘ഇത് എൻ്റെ പത്രസമ്മേളനമാണ്’ എന്നുവരെ റൂബിയോയെക്കൊണ്ട് പറയിച്ചു; ആഗോള ശ്രദ്ധ നേടിയ വാക്പോരിന് പിന്നിൽ ഇന്ത്യൻ വംശജനായ പത്രപ്രവർത്തകൻ, ആരാണ് മനു രാജു?

വാഷിംഗ്ടൺ: സി.എൻ.എൻ ചീഫ് കോൺഗ്രഷണൽ കറസ്‌പോണ്ടൻ്റായ മനു രാജുവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ വാഷിംഗ്ടൺ ഡിസിയിലെ വാർത്താ സമ്മേളനത്തിനിടെയുണ്ടായ വാഗ്വാദം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട മനു രാജുവിൻ്റെ ചോദ്യങ്ങളാണ് റൂബിയോയെ ചൊടിപ്പിച്ചതും തർക്കത്തിന് കാരണമായതും.

ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന മാർക്കോ റൂബിയോയുടെ മുൻപത്തെ വിശദീകരണത്തെക്കുറിച്ചാണ് മനു രാജു ചോദ്യങ്ങൾ ഉന്നയിച്ചത്. ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അതിന് തിരിച്ചടിയായി ഇറാൻ അമേരിക്കൻ സൈന്യത്തെ ആക്രമിക്കുമെന്നും ഭയന്നാണ് യുഎസ് ആദ്യം ആക്രമണം നടത്തിയത് എന്നായിരുന്നു റൂബിയോയുടെ പ്രസ്താവന. ഇത് ശരിയാണോ എന്ന് ആവർത്തിച്ച് ചോദിച്ച മനു രാജുവിനോട്, “ഇതിൽ കൂടുതൽ ഒന്നും വ്യക്തമാക്കാനില്ല” എന്നും “ഇത് എൻ്റെ പത്രസമ്മേളനമാണ്” എന്നും റൂബിയോ രൂക്ഷമായി പ്രതികരിച്ചു.

അമേരിക്കയുടെ സൈനിക തീരുമാനങ്ങളിൽ മറ്റ് രാജ്യങ്ങൾക്ക് സ്വാധീനമുണ്ടോ എന്ന ചോദ്യമാണ് ഈ വാഗ്വാദം ഉയർത്തിയത്. പിന്നീട് ഇതിന് വിശദീകരണവുമായി റൂബിയോ തന്നെ രംഗത്തെത്തി. ഇസ്രായേലിൻ്റെ പദ്ധതികളെക്കുറിച്ച് വാഷിംഗ്ടണിന് അറിവുണ്ടായിരുന്നുവെങ്കിലും, ആക്രമണ തീരുമാനം പ്രസിഡൻ്റ് നേരിട്ട് എടുത്തതാണെന്നും അതിൽ ആരുടെയും സമ്മർദ്ദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇത് ശരിവെച്ചു.

ആരാണ് മനു രാജു

2015-ലാണ് മനു രാജു സി.എൻ.എന്നിൽ ചേരുന്നത്. അതിനു മുൻപ് ‘Politico’ പോലുള്ള പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.എൻ.എന്നിൻ്റെ കോൺഗ്രഷണൽ റിപ്പോർട്ടറും ‘Inside Politics with Manu Raju’ എന്ന പരിപാടിയുടെ അവതാരകനുമാണ്.

1970-കളിൽ കർണാടകയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകനായി ഇല്ലിനോയിയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് ഒരു ഡോക്ടറാണ്. പ്രശസ്ത കന്നഡ കവിയായിരുന്ന ഗോപാലകൃഷ്ണ അഡിഗ അദ്ദേഹത്തിൻ്റെ മുത്തച്ഛനാണ്.

മികച്ച രാഷ്ട്രീയ റിപ്പോർട്ടിംഗിനായി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിലെയും കോൺഗ്രസിലെയും സുപ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അദ്ദേഹം പ്രശസ്തനാണ്.

Who is Manu Raju, the Indian-origin journalist behind the war of words with Rubio that has garnered global attention?

More Stories from this section

family-dental
witywide