
വാഷിംഗ്ടൺ: ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം അധിക ഇറക്കുമതി നികുതി ഏർപ്പെടുത്തിയതോടെ ചൈനയ്ക്ക് തിരിച്ചടി. ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഈ അപ്രതീക്ഷിത നീക്കം. ‘ഉടൻ പ്രാബല്യത്തിൽ’ വരുന്ന ഈ ഉത്തരവ് അന്തിമമാണെന്നും ഇതിൽ മാറ്റമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നടപടി.
അമേരിക്കയുടെ ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക ചൈനയെയായിരിക്കും. ഇറാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിലവിൽ 20 ശതമാനം നികുതിയുണ്ട്. പുതിയ 25 ശതമാനം കൂടി ചേരുന്നതോടെ ഇത് 45 ശതമാനമായി ഉയരും. ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ വൻതോതിൽ വില കൂടാൻ ഇത് കാരണമാകും. ഈ നീക്കത്തെ ചൈന ശക്തമായി എതിർത്തു. “നികുതി യുദ്ധത്തിൽ ആരും വിജയിക്കില്ലെന്നും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും” ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കും ഈ തീരുമാനം വലിയ വെല്ലുവിളിയാണ്. ഇന്ത്യയും ഇറാനും തമ്മിൽ അരി, ചായ, മരുന്ന് തുടങ്ങിയ മേഖലകളിൽ വലിയ വ്യാപാരം നടക്കുന്നുണ്ട്. ചബഹാർ തുറമുഖ പദ്ധതി ഉൾപ്പെടെയുള്ള നിർണ്ണായക നിക്ഷേപങ്ങൾ ഇന്ത്യയ്ക്ക് ഇറാനിലുണ്ട്. പുതിയ നികുതി വരുന്നതോടെ ഈ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർദ്ധിക്കുന്നത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അമേരിക്കയും ചൈനയും തമ്മിൽ വീണ്ടും ഒരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്.















