ലോകത്തെ വിറപ്പിച്ച ട്രംപിൻ്റെ വ്യാപകമായ തീരുവകൾ സുപ്രീം കോടതി റദ്ദാക്കിയത് എന്തുകൊണ്ട്? വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ

വാഷിംഗ്ടൺ : അടിയന്തരാവസ്ഥാ നിയമങ്ങൾ ഉപയോഗിച്ച് നികുതി ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി, ഡോണൾഡ് ട്രംപിൻ്റെ വ്യാപകമായ താരിഫുകൾ സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കി. 6-3 എന്ന ഭൂരിപക്ഷത്തോടെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത് .ഭൂരിപക്ഷ വിധിയിൽ മൂന്ന് ലിബറൽ ജഡ്ജിമാരും മൂന്ന് കൺസർവേറ്റീവ് ജഡ്ജിമാരും ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ്, ജസ്റ്റിസുമാരായ സോണിയ സോട്ടോമേയർ, എലീന കഗൻ, നീൽ ഗോർസച്ച്, ആമി കോണി ബാരറ്റ്, കേതൻജി ബ്രൗൺ ജാക്സൺ എന്നിവരാണ് ഈ തീരുമാനത്തെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവർ വിധിയോട് വിയോജിച്ചു.

‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ (IEEPA) എന്ന നിയമം താരിഫുകൾ ചുമത്താൻ പ്രസിഡൻ്റിന് അധികാരം നൽകുന്നില്ലെന്നായിരുന്നു ആറ് ജഡ്ജിമാരുടെ കണ്ടെത്തൽ.1977-ൽ നിലവിൽ വന്ന IEEPA, ദേശീയ സുരക്ഷയ്‌ക്കോ വിദേശനയത്തിനോ യുഎസ് സമ്പദ്‌വ്യവസ്ഥയ്‌ക്കോ ഉണ്ടാകുന്ന “അസാധാരണമായ ഭീഷണികളെ” നേരിടാൻ “ഇറക്കുമതി നിയന്ത്രിക്കാൻ” പ്രസിഡൻ്റിന് അധികാരം നൽകുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും മേൽ വ്യാപകമായ തീരുവകൾ പ്രഖ്യാപിച്ചപ്പോൾ, “വലുതും വിട്ടുമാറാത്തതുമായ” വ്യാപാര കമ്മി പരിഹരിക്കാനാണ് താൻ IEEPA ഉപയോഗിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു.

ചൈന, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിൽ ആ രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ചും അദ്ദേഹം ഈ നിയമം ഉപയോഗിച്ചിരുന്നു. ട്രംപിന് മുമ്പ് ഒരു പ്രസിഡൻ്റും തീരുവ ചുമത്താൻ IEEPA ഉപയോഗിച്ചിട്ടില്ല. കൂടാതെ ഈ നിയമത്തിൽ ‘തീരുവ’ എന്ന വാക്കോ ഡ്യൂട്ടി, ടാക്സ് തുടങ്ങിയ സമാന പദങ്ങളോ ഉപയോഗിച്ചിട്ടില്ല.

ഭൂരിപക്ഷ വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ

“IEEPA-യിൽ പ്രസിഡൻ്റിന് നൽകിയിട്ടുള്ള ‘ഇറക്കുമതി നിയന്ത്രിക്കാനുള്ള’ അധികാരം താരിഫ് ചുമത്താനുള്ള അധികാരത്തെ ഉൾക്കൊള്ളുന്നുണ്ടോ എന്ന് തീരുമാനിക്കുക മാത്രമാണ് ഞങ്ങളുടെ ഇന്നത്തെ ജോലി. അത് ഉൾക്കൊള്ളുന്നില്ല,” ചീഫ് ജസ്റ്റിസ് റോബർട്ട്‌സ് കുറിച്ചു. IEEPA-യിലെ മറ്റ് അധികാരങ്ങളിൽ നിന്ന് വ്യത്യസ്തമാണ് തീരുവകളെന്നും, അവ ഖജനാവിലേക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര ഇറക്കുമതിക്കാരെ നേരിട്ട് ബാധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

“കോൺഗ്രസ് തീരുവ ചുമത്താനുള്ള അധികാരം നൽകുമ്പോൾ, അത് വ്യക്തമായും കൃത്യമായ നിയന്ത്രണങ്ങളോടെയുമാണ് ചെയ്യുന്നത്. ഈ കാര്യത്തിൽ അതുണ്ടായിട്ടില്ല,” റോബർട്ട്‌സ് വ്യക്തമാക്കി.

വിധിയിലെ ഭിന്നാഭിപ്രായങ്ങൾ

ഇത്തരത്തിൽ കടുത്ത തീരുവ പ്രഖ്യാപിക്കാൻ പ്രസിഡൻ്റിന് അധികാരമില്ലെന്ന് ആറ് ജഡ്ജിമാരും സമ്മതിച്ചെങ്കിലും, അതിനുള്ള കാരണങ്ങളിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

മേജർ ക്വസ്റ്റ്യൻസ് ഡോക്ട്രിൻ : മൂന്ന് കൺസർവേറ്റീവ് ജഡ്ജിമാർ (റോബർട്ട്‌സ്, ഗോർസച്ച്, ബാരറ്റ്) ഈ തത്വം പ്രയോഗിച്ചു. രാഷ്ട്രീയമായോ സാമ്പത്തികമായോ വലിയ പ്രാധാന്യമുള്ള വിഷയങ്ങളിൽ എക്സിക്യൂട്ടീവ് (പ്രസിഡന്റ്) അധികാരം പ്രയോഗിക്കുമ്പോൾ അതിന് കോൺഗ്രസിൻ്റെ വ്യക്തമായ അനുമതി ഉണ്ടായിരിക്കണം എന്നതാണ് ഈ തത്വം. തീരുവ ചുമത്താനുള്ള തൻ്റെ അസാധാരണമായ അധികാര പ്രയോഗത്തെ ന്യായീകരിക്കാൻ പ്രസിഡൻ്റിന് കോൺഗ്രസിൻ്റെ വ്യക്തമായ അനുമതി ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്ന് റോബർട്ട്‌സ് എഴുതി.

നിയമപരമായ വ്യാഖ്യാനം : മറുഭാഗത്ത് മൂന്ന് ലിബറൽ ജഡ്ജിമാർ (സോട്ടോമേയർ, കഗൻ, ജാക്സൺ) സാധാരണ നിയമപരമായ വ്യാഖ്യാനങ്ങളിലൂടെയാണ് ഇതേ നിഗമനത്തിൽ എത്തിയത്. “വിദേശ സ്വത്തുക്കളുമായുള്ള ഇടപാടുകളിൽ പ്രസിഡൻ്റിന് IEEPA വലിയ അധികാരം നൽകുന്നുണ്ട്. എന്നാൽ അതിൽ ഒരു അധികാരം വ്യക്തമായും വിട്ടുപോയിരിക്കുന്നു,” ജസ്റ്റിസ് കഗൻ തൻ്റെ ഉത്തരവിൽ പറഞ്ഞു. IEEPA-യുടെ പാഠഭാഗത്തോ പശ്ചാത്തലത്തിലോ പ്രസിഡൻ്റിന് ഏകപക്ഷീയമായി താരിഫ് ചുമത്താൻ അധികാരം നൽകുന്ന ഒന്നും തന്നെയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. നിയമപരമായ അധികാരമില്ലാതെ പ്രസിഡൻ്റ് ചുമത്തിയ തീരുവകൾ നിലനിൽക്കില്ലെന്നും കോടതി വിധിച്ചു.

ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച ആറ് ജഡ്ജിമാരും സമ്മതിച്ച ഒരു കാര്യം, താരിഫ് ചുമത്താനുള്ള അധികാരത്തെക്കുറിച്ച് IEEPA നിയമം നിശബ്ദമാണെന്നതാണ്. ട്രംപിന് മുമ്പ് ഒരു പ്രസിഡന്റും ഈ നിയമം നികുതി ചുമത്താൻ അധികാരം നൽകുന്നതായി കരുതിയിരുന്നില്ല. “ഓരോ പ്രസിഡന്റും കോൺഗ്രസ് എഴുതിയതുപോലെയാണ് നിയമങ്ങളെ വായിച്ചത്; അതായത് IEEPA ഇറക്കുമതിയെ നിയന്ത്രിക്കാനും (Regulate), ടൈറ്റിൽ 19 (കസ്റ്റംസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട നിയമം) പ്രത്യേക സാഹചര്യങ്ങളിൽ വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ നികുതി ചുമത്താനും അധികാരം നൽകുന്നു,” ജസ്റ്റിസ് കഗൻ എഴുതി. ഇതിന് വിപരീതമായി ചിന്തിക്കുന്നതിനെക്കുറിച്ച് ആരും ഇതുവരെ ആലോചിച്ചിട്ടുപോലും ഇല്ലെന്നും ട്രംപിനെ സൂചിപ്പിച്ച് അവർ കൂട്ടിച്ചേർത്തു.

വിയോജിച്ചവർ

ഈ വിധിയിലെ പ്രധാന വിയോജനക്കുറിപ്പ് ജസ്റ്റിസ് ബ്രെറ്റ് കവനോയുടേതായിരുന്നു. IEEPA പ്രകാരം “ഇറക്കുമതി നിയന്ത്രിക്കാനുള്ള” പ്രസിഡൻ്റിൻ്റെ അധികാരത്തിൽ താരിഫുകളും ഉൾപ്പെടുമെന്ന് അദ്ദേഹം എഴുതി. ഇറക്കുമതിയും വാണിജ്യവും നിയന്ത്രിക്കുന്നതിനായി പ്രസിഡൻ്റുമാർ നികുതി ചുമത്തുന്നതിന് ദീർഘകാലത്തെ പാരമ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസുമാരായ തോമസും അലിറ്റോയും ഈ വിയോജനക്കുറിപ്പിൽ പങ്കുചേർന്നു. “ക്വാട്ടകളും (അളവ് നിയന്ത്രണം) ഉപരോധങ്ങളും പോലെ തന്നെ, ഇറക്കുമതി നിയന്ത്രിക്കാനുള്ള പാരമ്പര്യവും പൊതുവായതുമായ ഒരു ഉപകരണമാണ് തീരുവകൾ,” കവനോ പറഞ്ഞു.

വിദേശ ഇറക്കുമതിക്ക് മേൽ ക്വാട്ടകളോ ഉപരോധങ്ങളോ ഏർപ്പെടുത്താൻ IEEPA പ്രസിഡൻ്റിനെ അനുവദിക്കുന്നുണ്ടെന്നും, ഇവ തീരുവയേക്കാൾ കർക്കശമായ നടപടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നടപടികൾക്കിടയിൽ നിയമം വേർതിരിവ് കാണിക്കുന്നില്ല. പകരം ദേശീയ അടിയന്തരാവസ്ഥകളിൽ ക്വാട്ടകൾ, ഉപരോധങ്ങൾ, താരിഫുകൾ തുടങ്ങിയ പരമ്പരാഗത മാർഗങ്ങൾ ഉപയോഗിച്ച് ഇറക്കുമതി നിയന്ത്രിക്കാൻ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നുവെന്നും അദ്ദേഹം വാദിച്ചു. ‘മേജർ ക്വസ്റ്റ്യൻസ് ഡോക്ട്രിൻ’ എന്ന തത്വത്തെക്കുറിച്ച് കവനോ പറഞ്ഞത്, ഈ കേസിൽ ആ തത്വം പാലിക്കപ്പെടുന്നു എന്നാണ്. കൂടാതെ, ചരിത്രത്തിലുടനീളം പ്രസിഡന്റുമാർ ഇറക്കുമതി നിയന്ത്രിക്കാൻ താരിഫുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Why did the Supreme Court strike down Trump’s sweeping tariffs that shook the world? Here are the details of the ruling

More Stories from this section

family-dental
witywide