രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ടിന്റെ ആവശ്യമെന്ന് ബിജെപി നേതാവും എറണാകുളം ജില്ലയുടെ ചുമതലക്കാരനുമായ വിഷ്ണുവർധൻ റെഡ്ഡി ചോദിച്ചു. രാജ്യത്തിനകത്തു നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്. എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ചെയ്യുന്നതിനെ തട്ടിപ്പുകാർ മാത്രമാണ് ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി.
ഭേദഗതിക്കെതിരെ ഇപ്പോൾ നടക്കുന്നത് വെറും രാഷ്ട്രീയ നാടകം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം വാദിക്കുന്ന സംസ്ഥാന സർക്കാർ, എന്തുകൊണ്ടാണ് ഈ വിഭാഗത്തിലെ പാവപ്പെട്ടവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ തയ്യാറാകാത്തതെന്ന് വിഷ്ണുവർധൻ റെഡ്ഡി ചോദിച്ചു. രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് നിയമഭേദഗതിയെ ചിലർ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് എഫ്‌സിആർഎ നിയമഭേദഗതി കർശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനവും ബിജെപി നേതാവ് നടത്തി. വിദേശത്തുനിന്ന് എത്തുന്ന പണം എന്തിനുവേണ്ടിയാണ് ചിലവഴിക്കുന്നത് എന്നതിൽ വ്യക്തതയും സുതാര്യതയും ആവശ്യമാണ്. നിയമാനുസൃതമായി പ്രവർത്തിക്കുന്നവർക്ക് പുതിയ നിയമം മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ആന്ധ്രയിൽ നിന്നുള്ള നേതാവായ അദ്ദേഹം പറഞ്ഞു.
Why do minorities need foreign funds? FCRA bill row a political drama, says BJP leader













