യു.എസ്. യുദ്ധവിമാനത്തിൻ്റെ ‘സ്റ്റെൽത്ത്’ രഹസ്യങ്ങൾ ചൈന ചോർത്തുമോ? ആശങ്കയിൽ പെൻ്റഗൺ, അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനമായ യു.എസ്. സൈന്യത്തിന്റെ എഫ്-35 ലൈറ്റ്നിംഗിൻ്റെ നിർണായക ഭാഗങ്ങൾ അടങ്ങിയ ചരക്ക് വഴിതിരിച്ചുവിട്ട സംഭവത്തിൽ അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ അന്വേഷണം ആരംഭിച്ചു. ഓസ്‌ട്രേലിയയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയ ഭാഗങ്ങളാണ് ദുരൂഹ സാഹചര്യത്തിൽ ഹോങ്കോങ്ങിലേക്ക് വഴിതിരിഞ്ഞുപോയത്. ഇവ ഇപ്പോൾ ചൈനയുടെ കൈവശമാണുള്ളതെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തെങ്കിലും, പെന്റഗൺ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കാണാതായ ഭാഗങ്ങൾ വിമാനത്തിന്റെ കോക്ക്പിറ്റ് മൂടുന്ന വിൻഡോ, ആയുധങ്ങൾ സൂക്ഷിക്കുന്ന അറയുടെ വാതിൽ എന്നിവയാണെന്നാണ് വിവരം. ഇവയിൽ അത്യാധുനിക ഇലക്ട്രോണിക്സ് സംവിധാനങ്ങൾ ഇല്ലെങ്കിലും, റഡാറുകളുടെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കാൻ സഹായിക്കുന്ന എഫ്-35-ന്റെ ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യ ചോരാൻ ഇത് കാരണമായേക്കുമെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു. വിമാനത്തിന്റെ കാർബൺ വിൻഡോയിൽ റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പ്രത്യേക കോട്ടിംഗ് ഉണ്ട്.

യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്. തായ്‌വാനിലേക്കുള്ള യു.എസിന്റെ ആയുധ വിൽപ്പന അവസാനിപ്പിക്കണമെന്ന് കൂടിക്കാഴ്ചയിൽ ചൈന ആവശ്യപ്പെട്ടതായാണ് സൂചന. അതേസമയം, തായ്‌വാന് കോൺഗ്രസ് അനുവദിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം ട്രംപ് ഭരണകൂടം തടഞ്ഞുവെച്ചതിനെതിരെ യു.എസിലെ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്. കാണാതായ വിമാനഭാഗങ്ങൾ എത്രയും വേഗം വീണ്ടെടുക്കാനും സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനും യു.എസ്. അധികൃതർ ശ്രമം ഊർജിതമാക്കി.

Will China steal the ‘stealth’ secrets of the US warplane? Pentagon concerned; investigation launched.

More Stories from this section

family-dental
witywide