
വാഷിംഗ്ടൺ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻ്റെ മുഖ്യ ഉപദേശകനായിരുന്ന സ്റ്റീവ് ഹിൽട്ടണെ കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പിന്തുണച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തമായ സ്വാധീനമുള്ള കാലിഫോർണിയയിലെ തെരഞ്ഞെടുപ്പ് മത്സരത്തെ ട്രംപിൻ്റെ ഈ നീക്കം കൂടുതൽ പ്രവചനാതീതമാക്കിയിരിക്കുകയാണ്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ഹിൽട്ടൺ മികച്ചൊരു ഗവർണറായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. കാലിഫോർണിയയിൽ ഡെമോക്രാറ്റുകളുടെ ഭരണം പരാജയമാണെന്നും ജനങ്ങൾ കൂട്ടത്തോടെ സംസ്ഥാനം വിടുകയാണെന്നും ട്രംപ് വിമർശിച്ചു.
ജൂൺ രണ്ടിന് നടക്കുന്ന പ്രൈമറിയിൽ മത്സരിക്കുന്ന പത്ത് സ്ഥാനാർത്ഥികളിൽ ഒരാളാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഹിൽട്ടൺ. ഇതിൽ മുന്നിലെത്തുന്ന രണ്ട് പേർ പാർട്ടിവേർതിരിവില്ലാതെ നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും. ട്രംപിൻ്റെ പിന്തുണ ലഭിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ഹിൽട്ടൺ എക്സിൽ കുറിച്ചു.
ആരാണ് സ്റ്റീവ് ഹിൽട്ടൺ?
2010 മുതൽ 2012 വരെ ഡേവിഡ് കാമറൂണിൻ്റെ ഉപദേശകനായിരുന്ന ഹിൽട്ടൺ പിന്നീട് അദ്ദേഹത്തിൻ്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ചിരുന്നു. ഫോക്സ് ന്യൂസിലെ അവതാരകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നികുതി കുറയ്ക്കുക, ജീവിതച്ചെലവ് നിയന്ത്രിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ഹിൽട്ടൺ മത്സരിക്കുന്നത്.
കാലിഫോർണിയയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാനായിട്ടില്ല. എന്നാൽ ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കിടയിലെ ഭിന്നത തങ്ങൾക്ക് ഗുണകരമാകുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ കണക്കുകൂട്ടൽ. അതേസമയം, ഡെമോക്രാറ്റിക് അനുഭാവികൾ കൂടുതലുള്ള സംസ്ഥാനത്ത് ട്രംപിൻ്റെ പരസ്യമായ പിന്തുണ ഹിൽട്ടണ് തിരിച്ചടിയാകുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
Will David Cameron’s former advisor now govern California? Donald Trump praises Steve Hilton















