ഇറാനെതിരെ വിജയം വരെ പോരാടും; കീഴടങ്ങൽ നിബന്ധനകൾ ട്രംപ് തീരുമാനിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി, സംഘർഷം പത്താം ദിവസത്തിലേക്ക്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വിജയം കൈവരിക്കാൻ എത്രത്തോളം വേണമെങ്കിലും മുന്നോട്ട് പോകാൻ അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ്സിൻ്റെ ’60 മിനിറ്റ്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.

ഒരു സൈനിക നീക്കത്തിൽ തങ്ങളുടെ പരിധികൾ എത്രത്തോളമാണെന്ന് ശത്രുവിനോടോ മാധ്യമങ്ങളോടോ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ ഹെഗ്‌സെത്ത് അമേരിക്ക നിലവിൽ പോരാടുന്നത് പൂർണ്ണ വിജയത്തിന് വേണ്ടിയാണെന്നും പ്രതികരിച്ചു. ഇറാൻ്റെ കീഴടങ്ങൽ നിബന്ധനകൾ എന്തായിരിക്കണമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇറാന് ഇനി പോരാടാൻ കഴിയില്ലെന്ന അവസ്ഥയിലെത്തും. അവർ അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും യുദ്ധരംഗത്ത് അവർ നിഷ്പ്രഭരാകും, ഒടുവിൽ അവർക്ക് കീഴടങ്ങേണ്ടി വരും,” ഹെഗ്‌സെത്ത് പറഞ്ഞു. ഇറാൻ്റെ നാവികസേന നിലവിൽ ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ട അവസ്ഥയിലാണെന്നും ശേഷിക്കുന്ന കരുത്ത് കൂടി ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇതൊരു തുടക്കം മാത്രമാണ്” എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾ ഇന്ന് പത്താം ദിവസത്തിൽ എത്തിനിൽക്കുന്നു. ഇതിനിടെ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിൻ്റെ മകൻ മോജ്തബ ഖമേനിയെ ഇറാൻ്റെ പുതിയ പരമാധികാര നേതാവായി പ്രഖ്യാപിച്ചു. പുതിയ നേതാവിനോടുള്ള കൂറ് പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ ഇസ്രായേലിനും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബാരലിന് 100 ഡോളറിന് മുകളിലാണ് നിലവിലെ വില. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലെയും ഖോമിലെയും സൈനിക കേന്ദ്രങ്ങളിലും എണ്ണ സംഭരണ ശാലകളിലും യുഎസ്-ഇസ്രായേൽ സഖ്യം ബോംബാക്രമണം തുടരുകയാണ്. ഇറാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1,300-ലധികം ആളുകൾ കൊല്ലപ്പെട്ടു.

Will fight Iran until victory; Trump will decide surrender terms, says US Defense Secretary, conflict enters 10th day

More Stories from this section

family-dental
witywide