സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം 5 ആക്കി കുറയ്ക്കുമോ? അവസാന മന്ത്രിസഭാ യോഗത്തിൽ വമ്പൻ തീരുമാനം പ്രഖ്യാപിക്കുമോ? നാളെ അറിയാം

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചായി കുറയ്ക്കാനുള്ള നിർണ്ണായക തീരുമാനം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും. വർഷങ്ങളായി സർവ്വീസ് സംഘടനകൾ ഉന്നയിക്കുന്ന ഈ ആവശ്യത്തിന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും നേരത്തെ തന്നെ പച്ചക്കൊടി കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയൽ ഇപ്പോൾ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഈ ഫയൽ ചർച്ചയ്ക്കെടുത്താൽ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനം ഉണ്ടായേക്കാം.

നിലവിൽ എട്ട് മണിക്കൂറുള്ള പ്രവൃത്തി സമയം ഒൻപത് മണിക്കൂറായി ഉയർത്തിക്കൊണ്ട് ശനിയാഴ്ചകളിൽ അവധി നൽകാനാണ് ശുപാർശ. അതായത് പ്രവൃത്തി ദിനം കുറയ്ക്കുന്നതിന് പകരമായി ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം അധികം ജോലി ചെയ്യേണ്ടി വരും. ജോലി സമയം കൂട്ടുന്നതിനെ സംഘടനകൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പൊതു അവധി ദിവസങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന നിർദ്ദേശത്തിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സർവ്വീസ് സംഘടനകളുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങളും ഫയലിലുണ്ട്.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജീവനക്കാരെ സന്തോഷിപ്പിക്കുന്ന ഇത്തരമൊരു തീരുമാനം രാഷ്ട്രീയമായും സർക്കാരിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ നിർണ്ണായക യോഗത്തിൽ ചരിത്രപരമായ ഒരു മാറ്റം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് സെക്രട്ടേറിയറ്റ് മുതൽ താഴെത്തട്ടിലുള്ള ഓഫീസുകളിലെ ജീവനക്കാർ വരെ. സർക്കാർ സർവീസിനെ കൂടുതൽ കാര്യക്ഷമമാക്കാനും ജീവനക്കാർക്ക് മികച്ച വർക്ക്-ലൈഫ് ബാലൻസ് നൽകാനും ഈ തീരുമാനം സഹായിക്കുമെന്ന് കരുതപ്പെടുന്നു.

Will Kerala Move to a 5-Day Work Week? Anticipation Grows Ahead of Government’s Final Cabinet Meeting

More Stories from this section

family-dental
witywide