
വർഗീയതയോട് വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും അതിന്റെ പേരിൽ ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു വീഴേണ്ടി വന്നാലും പിന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരുടെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കളെയോ സംഘടനകളെയോ താൻ എതിർക്കുന്നില്ലെന്നും എന്നാൽ വർഗീയത ആരു പറഞ്ഞാലും അതിനെ വെള്ളം ചേർക്കാതെ എതിർക്കുമെന്ന കോൺഗ്രസ് നിലപാടാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.
വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞോടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കാൻ താൻ തയ്യാറല്ലെന്ന് അദ്ദേഹം വികാരാധീതനായി പറഞ്ഞു. താൻ സമുദായ നേതാക്കളെ കാണില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പെരുന്നയിൽ താൻ പലതവണ പോയിട്ടുള്ളതാണ്. എന്നാൽ സമുദായ നേതാക്കളെ കാണുന്നതും വർഗീയതയ്‌ക്കെതിരെ സംസാരിക്കുന്നതും രണ്ട് കാര്യങ്ങളാണ്. സഭാ സിനഡ് യോഗത്തിൽ പങ്കെടുത്തത് തിണ്ണനിരങ്ങലല്ലെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള പരാമർശങ്ങളെ തള്ളിയ അദ്ദേഹം പാർട്ടി നേതൃത്വം തന്നോടൊപ്പമുണ്ടെന്നും വ്യക്തമാക്കി.
മുസ്‌ലിം ലീഗിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് കേരളത്തിൽ പരോക്ഷമായി വർഗീയത വളർത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്നും അത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന സമാനതകളില്ലാത്ത വിമർശനങ്ങൾ വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണെന്നും തന്റെ ഭാഗത്ത് തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്ന സതീശൻ സഭകളുടെ പടിവാതിൽക്കൽ പോകുന്നത് ഇരട്ടത്താപ്പാണെന്ന് സുകുമാരൻ നായർ വിമർശിച്ചിരുന്നു. സതീശനെ ‘ഇന്നലെ പൂത്ത തകര’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശൻ, അദ്ദേഹം ഈഴവരെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന സമുദായ നേതാക്കളുടെ മുന്നറിയിപ്പുകൾക്കിടയിലാണ് താൻ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചത്.










