
വാഷിംഗ്ടൺ: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ “സൗഹൃദപരമായി ഏറ്റെടുക്കാൻ” സാധ്യതയുണ്ടെന്നും, എന്നാൽ അമേരിക്കയുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ അത് അത്ര സുഖകരമല്ലാത്ത രീതിയിലും സംഭവിക്കാമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെയുള്ള യുഎസ് സൈനിക നീക്കങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് ക്യൂബയെക്കുറിച്ച് ഇത്തരത്തിലൊരു പരാമർശം നടത്തിയത്. “ഇതൊരു സൗഹൃദപരമായ ഏറ്റെടുക്കൽ ആകാം, അല്ലെങ്കിൽ അല്ലാതിരിക്കാം,” ട്രംപ് പറഞ്ഞു.
ക്യൂബ നിലവിൽ കടുത്ത സാമ്പത്തിക-മാനവിക പ്രതിസന്ധിയിലാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അവർക്ക് ഊർജ്ജമോ പണമോ ഇല്ലെന്നും രാജ്യം വലിയ തകർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി വെനസ്വേല നൽകിവന്ന പിന്തുണയാണ് ക്യൂബയുടെ നിലനിൽപ്പെന്നും, എന്നാൽ മയക്കുമരുന്ന് കടത്ത് കേസിൽ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതോടെ ആ പിന്തുണ ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.
സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബൻ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ട്. തുറമുഖങ്ങൾ, ഊർജ്ജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് ചർച്ചകൾ നടക്കുന്നത്. രാഷ്ട്രീയ മാറ്റമുണ്ടായാൽ ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡയസ് കാനലിനും കാസ്ട്രോ കുടുംബത്തിനും നൽകേണ്ട സൗകര്യങ്ങളെക്കുറിച്ചും ചർച്ചകളിൽ സൂചനയുണ്ട്.
അതിനിടെ, വാർത്താസമ്മേളനത്തിന് ശേഷം ഒരു വെനസ്വേലൻ റെസ്റ്റോറന്റ് സന്ദർശിച്ച ട്രംപിനോട്, സ്വതന്ത്രമായ ഒരു ക്യൂബയിലേക്ക് ഒപ്പം യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ വയോധികനോട് “നമുക്ക് ഒരുമിച്ച് പോകാം” എന്ന് അദ്ദേഹം മറുപടിയും നൽകി.
ബരാക് ഒബാമയുടെ കാലത്ത് ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും, ട്രംപ് അധികാരത്തിൽ വന്നതോടെ ആ നയങ്ങൾ തിരുത്തുകയും ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. 1959-ൽ ഫിഡൽ കാസ്ട്രോ അമേരിക്കൻ പിന്തുണയുള്ള സർക്കാരിനെ പുറത്താക്കി കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചതു മുതൽ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം വിയോജിപ്പിലും സംഘർഷഭരിതവുമായി തുടരുകയാണ്.
‘Will take over Cuba, friendly or not’; Trump’s move for political change in Cuba is under discussion












