അമേരിക്കയിൽ ടിപിഎസ് ഉടമകൾക്ക് ഗ്രീൻ കാർഡ് ലഭിക്കുമോ? പുതിയ ബില്ലുമായി ഫ്ലോറിഡ ഡെമോക്രാറ്റ്, പ്രതീക്ഷകൾക്കൊപ്പം വെല്ലുവിളിയും

വാഷിംഗ്ടൺ: അമേരിക്കയിൽ താൽക്കാലിക സംരക്ഷണ പദവിയിൽ (TPS) കഴിയുന്നവർക്ക് ഗ്രീൻ കാർഡ് നൽകുന്നതിനായി പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ഫ്ലോറിഡയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഷീല ഷെർഫിലസ്-മക്കോർമിക്. ‘റെസ്പെക്ട് ഫോർ എസൻഷ്യൽ വർക്കേഴ്സ് ആക്ട്’ (Respect for Essential Workers Act) എന്ന പേരിൽ അവതരിപ്പിച്ച ബില്ലിലൂടെ ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് യുഎസിൽ സ്ഥിരതാമസത്തിന് വഴിതെളിയും.

യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ കാരണങ്ങളാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തവർക്ക് യുഎസ് നൽകുന്ന താൽക്കാലിക ആശ്വാസമാണ് ടിപിഎസ്. നിലവിൽ ഇവർക്ക് നേരിട്ട് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ പുതിയ ബില്ല് പ്രകാരം, നിശ്ചിത കാലയളവ് പൂർത്തിയാക്കിയ ‘അത്യാവശ്യ സേവന’ (Essential Workers) വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ടിപിഎസ് ഉടമകൾക്ക് ഗ്രീൻ കാർഡിന് അർഹതയുണ്ടാകും.

“ഫ്ലോറിഡയിലെ 403,000-ത്തിലധികം ടിപിഎസ് ഉടമകൾ ആരോഗ്യമേഖല, നിർമ്മാണം, ഭക്ഷ്യവിതരണം തുടങ്ങിയ നിർണ്ണായക മേഖലകളിൽ ജോലി ചെയ്ത് നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നു. ഈ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഭാവിയിക്കും അനിവാര്യമാണ്,” എന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് ഷീല ഷെർഫിലസ്-മക്കോർമിക് പറഞ്ഞു.

അതേസമയം, ട്രംപ് ഭരണകൂടത്തിൻ്റെ കർശനമായ കുടിയേറ്റ നയങ്ങൾ ഈ ബില്ലിന് വലിയ വെല്ലുവിളിയായേക്കാം. അഫ്ഗാനിസ്ഥാൻ, ഹെയ്തി, വെനസ്വേല, സിറിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിപിഎസ് പദവി ട്രംപ് ഭരണകൂടം നേരത്തെ റദ്ദാക്കിയിരുന്നു. ടിപിഎസ് എന്നത് അതിൻ്റെ പേരുപോലെ തന്നെ ‘താൽക്കാലികം’ മാത്രമായിരിക്കണമെന്നും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നുമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) നിലപാട്.

മാർച്ച് 16-ന് സിറിയയിൽ നിന്നും ഹെയ്തിയിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകളെ നാടുകടത്താനുള്ള നീക്കം സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ബില്ല് പാസാകുമോ എന്നത് കുടിയേറ്റ നിയമവിദഗ്ധർ ഉറ്റുനോക്കുകയാണ്.

Will TPS holders in the US get a green card? Florida Democrat with new bill

More Stories from this section

family-dental
witywide