
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്ത ആഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് വിറ്റ്‌കോഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധമുഖത്തെ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ വിഷയത്തിൽ ഒരു നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറാണോ എന്ന് നോക്കാമെന്ന വിറ്റ്‌കോഫിന്റെ പരാമർശം നിലവിലെ സംഘർഷാവസ്ഥയിൽ ഏറെ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഏതാണ്ട് പൂർണ്ണമായും തകർത്തതായി വിറ്റ്‌കോഫ് അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതികളുടെ നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള ആക്രമണമാണ് യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഡോണൾഡ് ട്രംപ് തിങ്കളാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇറാനുമായി പങ്കുവെക്കുന്നുണ്ടെന്ന ആരോപണം പുടിൻ നിഷേധിച്ചതായി വിറ്റ്‌കോഫ് പറഞ്ഞു.
റഷ്യയുടെ ഈ വിശദീകരണം അമേരിക്ക വിശ്വാസത്തിലെടുക്കുന്നുണ്ടെങ്കിലും മേഖലയിലെ റഷ്യൻ ഇടപെടലുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. ഇറാന്റെ സൈനിക വ്യവസായ കേന്ദ്രങ്ങളും ഭൂഗർഭ മിസൈൽ നിലയങ്ങളും തകർക്കുന്നതിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ച യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.















